തിരുവനന്തപുരം: കോൺഗ്രസിനകത്തെ ഖദർ വിവാദം അനാവശ്യമെന്ന് പാർട്ടി നേതാവ് കെ മുരളീധരൻ. ഇപ്പോഴത്തെ സാഹചര്യത്തിൽ ചർച്ച ചെയ്യേണ്ടത് ആരോഗ്യവകുപ്പിലെയും ഭാരാതാംബയുമുൾപ്പടെയുള്ള വിഷയങ്ങളാണ്. കോൺഗ്രസ് പ്രവർത്തകർക്കും നേതാക്കൾക്കും ഇഷ്ടമുള്ള വസ്ത്രം ധരിക്കാമെന്നും ഖദർമേഖലയെ സംരക്ഷിച്ചാൽ മതിയെന്നും മുരളീധരൻ പറഞ്ഞു.
'ഇപ്പോൾ ഖദർ വസ്ത്രങ്ങൾ തന്നെ പല നിറത്തിൽ വരുന്നുണ്ട്. ഖദർ പഴയ ഖദറൊന്നുമല്ല, പുതിയ പുതിയ വെറൈറ്റികൾ ഉത്പാദിപ്പിക്കുന്നുണ്ട്. ആരോഗ്യവകുപ്പിലെ പ്രശ്‌നങ്ങൾ ഭാരാതാംബ വിഷയം ഇതൊക്കെ ചർച്ച ചെയ്യേണ്ട സമയത്ത് ഖദറിനെ ചൊല്ലി തർക്കമുണ്ടാക്കുന്നത് അനാവശ്യമാണ്. ഇഷ്ടമുള്ളവർക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാം. താൻ ഖദറും ഖദറാല്ലത്തതും ധരിക്കാറുണ്ട്. ആരോഗ്യവകുപ്പിലെയും ഭാരാതാബയുമുൾപ്പടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യേണ്ട സമയത്ത് ഖദർ വിവാദം അനാവശ്യമാണ്'- മുരളീധരൻ പറഞ്ഞു.
യുവതലമുറയ്ക്ക് എന്തിനാണ് ഖദറിനോട് ഇത്ര നീരസമെന്ന അജയ് തറയിലിന്റെ ഫെയ്‌സ ബുക്ക് പോസ്റ്റിന് പിന്നാലെയാണ് ഖദർ ചർച്ചയ്ക്ക് തുടക്കമായത്. വസ്ത്രമേതായാലും മനസ് നന്നായാൽ മതിയെന്ന് കെഎസ് ശബരീനാഥന്റെ തിരിച്ചടിയോടെ ചർച്ച സജീവമാകുകയും ചെയ്തു. അതിന് പിന്നാലെയാണ് കെ മുരളീധരന്റെ പ്രതികരണം.
ഭാരാതംബയുടെ വിഷയത്തിൽ കേരള സർവകലാശാല രജിസ്ട്രാറുടെ നടപടി ശരിയാണെന്നും മുരളീധരൻ പറഞ്ഞു. ഈ ഭാരാതംബ ആർഎസ്എസിന്റെതാണ്. രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്ത വിസിയുടെ നടപടി ശരിയല്ലെന്നും മറ്റ് നിയമനടപടികൾ സർക്കാരും സിൻഡിക്കേറ്റുമാണ് തീരുമാനിക്കേണ്ടതെന്നും മുരളീധരൻ പറഞ്ഞു. ഭാരാതാംബയുടെ ചിത്രം വച്ച് പരിപാടി നടത്തിയ സംഘാടകരോട് സർക്കാർ വിശദീകരണം തേടണം. ഒരിക്കലും ഇതുപോലെയുള്ള ചിത്രങ്ങൾ പൊതുപരിപാടിയിൽ വയ്ക്കരുത്. ഭാരാത് മാതാ കീ ജയ് എന്ന് കോൺഗ്രസും വിളിക്കാറുണ്ട്. അതിനെ ഒരു ചിത്രത്തിന്റെ രൂപത്തിൽ ആരും ഡിസൈൻ ചെയ്തിട്ടില്ല. ഇത് ഭാരാതംബയല്ല. ഈ ചിത്രം ആർഎസ്എസ് ഉപയോഗിക്കുന്നതാണെന്നും മുരളീധരൻ പറഞ്ഞു.