നാലര മണിക്കൂറിൽ താഴെ ഉറക്കം, ഹൃദ്രോഗ സാധ്യത വർധിപ്പിക്കുമെന്ന് പഠനം


 ദിവസവും രാത്രി എത്ര മണിക്കൂർ ഉറക്കം കിട്ടുന്നുണ്ട് ? ഉറക്കനഷ്ടം പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നുണ്ടെങ്കിലും അതിൽ പ്രധാനം ഹൃദ്രോ​ഗ സാധ്യതയാണ്. ഉറക്കം കുറയുന്നത് ഹൃദയാരോ​ഗ്യം മോശമാക്കാമെന്നും ഹൃദ്രോ​ഗ സാധ്യത വർധിപ്പിക്കാമെന്നും വിദ​ഗ്ധർ പറയുന്നു. ഇപ്പോഴിതാ സ്വീഡനിലെ ഉപ്സാല സർവകലാശാല നടത്തിയ പഠനത്തിൽ ഹൃദ്രോ​ഗ സാധ്യത വർധിപ്പിക്കുന്ന ഉറക്കത്തിന്റെ ദൈർഘ്യം കൃത്യമായി കണ്ടെത്തിയിരിക്കുകയാണ്.


ആരോ​ഗ്യമുള്ള 16 യുവാക്കളാണ് പഠനത്തിൽ പങ്കെടുത്തത്. അവരുടെ ഭക്ഷണം മുതൽ പ്രവർത്തന നിലവാരം, പ്രകാശത്തിലേക്കുള്ള എക്സ്പോഷർ എന്നിവ നിയന്ത്രിച്ച ലാബിൽ ഏഴ് ദിവസമായിരുന്നു പഠനം. രണ്ട് ദിനചര്യകളാണ് ഇവരോട് പിന്തുടരാൻ ആവശ്യപ്പെട്ടു.


ഒന്ന്, മൂന്ന് രാത്രികൾ സാധാരണ ഉറക്കം (8.5 മണിക്കൂർ). രണ്ട്, മൂന്ന് രാത്രികൾ ഉറക്ക നിയന്ത്രണം (4.25 മണിക്കൂർ).


രക്തസാമ്പിളുകളിൽ ഗവേഷകർ ഏകദേശം 90 വ്യത്യസ്ത പ്രോട്ടീനുകൾ അളന്നു. നാലര മണിക്കൂറിൽ കുറവു ഉറങ്ങുന്നവരിൽ ഹൃദ്രോഗവുമായി ബന്ധപ്പെട്ട വീക്കം ഉണ്ടാക്കുന്ന മാർക്കറുകളിൽ വ്യക്തമായ വർധനവിന് കാരണമാകുന്നുണ്ടെന്ന് അവർ കണ്ടെത്തി. വ്യായാമം സാധാരണയായി ഇന്റർല്യൂക്കിൻ-6, ബിഡിഎൻഎഫ് (ഇവ തലച്ചോറിന്റെയും ഹൃദയത്തിന്റെയും ആരോഗ്യത്തെ പിന്തുണയ്ക്കുന്നു) പോലുള്ള ആരോഗ്യകരമായ പ്രോട്ടീനുകളെ വർധിപ്പിക്കുമെങ്കിലും, ഉറക്കം കുറഞ്ഞതിന് ശേഷം ഈ പ്രതികരണങ്ങൾ ദുർബലമായിരുന്നു.


ഗുണനിലവാരം കുറഞ്ഞ ഉറക്കവും ഉറക്കക്കുറവും ഇന്ന് ആളുകളിൽ വളരെ സാധാരണമായിരിക്കുകയാണെന്നത് ആശങ്കയുണ്ടാക്കുന്നുവെന്ന് ​ഗവേഷർ പറയുന്നു. ആരോ​ഗ്യമുള്ള ചെറുപ്പക്കാരിലും ഈ മാറ്റങ്ങൾ പ്രകടമായിരുന്നുവെന്നും ഗവേഷകർ കൂട്ടിച്ചേർക്കുന്നു. മാത്രമല്ല, രക്തം എടുക്കുന്ന സമയവും പ്രധാനമാണെന്ന് ഗവേഷകർ കണ്ടെത്തി. രാവിലെയും വൈകുന്നേരവും പ്രോട്ടീന്റെ അളവ് വ്യത്യാസപ്പെട്ടിരുന്നു. ഇത് ഉറക്കനഷ്ടസമയങ്ങളിൽ വളരെ കൂടുതലായിരിക്കും.


ഇന്നത്തെ കാലത്ത് ഉറക്കത്തിന് പകരം ഉൽപ്പാദനക്ഷമത, സാമൂഹികവൽക്കരണം അല്ലെങ്കിൽ സ്ക്രീൻ സമയം എന്നിവയ്ക്കാണ് പ്രാധാന്യം നൽകുന്നത്. എന്നാൽ വളരെ കുറച്ചു ദിവസങ്ങള‍ പോലും ഉറക്കം നഷ്ടമാകുന്ന വലിയ ആരോഗ്യസങ്കീർണതകളിലേക്ക് നയിക്കാം.


ഓരോ ഉറക്ക ഘട്ടത്തിന് ശേഷം ഒരു ചെറിയ, ഉയർന്ന തീവ്രതയുള്ള സൈക്ലിങ് വ്യായാമം പൂർത്തിയാക്കി, അതിനു മുമ്പും ശേഷവും അവരുടെ രക്തം പരിശോധിച്ചു. രക്തത്തിലെ വീക്കം ഉണ്ടാക്കുന്ന പ്രോട്ടീനുകളെ ഗവേഷകർ പരിശോധിച്ചു. സമ്മർദത്തിലായിരിക്കുമ്പോഴോ രോഗത്തിനെതിരെ പോരാടുമ്പോഴോ ശരീരം ഉത്പാദിപ്പിക്കുന്ന തന്മാത്രകളാണിവ. ഈ പ്രോട്ടീനുകൾ വളരെക്കാലം ഉയർന്ന നിലയിൽ നിലനിൽക്കുമ്പോൾ, അവ രക്തക്കുഴലുകൾക്ക് കേടുപാടുകൾ വരുത്തുകയും ഹൃദയസ്തംഭനം, കൊറോണറി ഹൃദ്രോഗം, ഏട്രിയൽ ഫൈബ്രിലേഷൻ (ക്രമരഹിതമായ ഹൃദയമിടിപ്പ്) തുടങ്ങിയ പ്രശ്‌നങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും.


Previous Post Next Post