കോണ്‍ഗ്രസില്‍ ഖദര്‍ തര്‍ക്കം; വസ്ത്രം ഏതായാലും മനസ്സ് നന്നായാല്‍ പോരേയെന്ന് ശബരീനാഥന്‍

തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വിജയത്തിന്റെ ക്രെഡിറ്റ് വിവാദം കെട്ടടങ്ങിയപ്പോൾ, ഇപ്പോൾ കോൺഗ്രസിൽ ഖദർ തർക്കം ഉടലെടുത്തിരിക്കുകയാണ്. യുവതലമുറ നേതാക്കൾ ഖദറിനോടു കാണിക്കുന്ന അകൽച്ചയെ സൂചിപ്പിച്ച്, കോൺഗ്രസ് നേതാവ് അജയ് തറയിൽ രണ്ടു ദിവസം മുമ്പ് ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റാണ് പുതിയ തർക്കത്തിന് കാരണമായിട്ടുള്ളത്. യുവതലമുറയ്ക്ക് എന്തിനാണ് ഖദറിനോട് ഇത്ര നീരസം എന്ന തലക്കെട്ടിലാണ് അജയ് തറയിൽ പോസ്റ്റിട്ടത്.


'ഖദർ വസ്ത്രവും മതേതരത്വവുമാണ് കോൺഗ്രസിന്റെ അസ്തിത്വം. ഖദർ ഒരു വലിയ സന്ദേശമാണ്, ആദർശമാണ്, മുതലാളിത്തത്തിനെതിരെയുള്ള ഏറ്റവും വലിയ ആയുധമാണ്. ഖദർ ഇടാതെ നടക്കുന്നതാണ് ന്യൂജെൻ എന്ന് ആരെങ്കിലും ധരിച്ചിട്ടുണ്ടെങ്കിൽ മൂല്യങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമാണ്. അത് അനുകരിക്കുനന്ത് കാപട്യമാണ്. നമ്മളെന്തിനാണ് ഡിവൈഎഫ്‌ഐക്കാരെ അനുകരിക്കുന്നത് ?'. എന്നാണ് അജയ് തറയിൽ ഫെയ്‌സ്ബുക്ക് കുറിപ്പിൽ ചോദിച്ചത്.


ഇതിനു മറുപടിയുമായി യൂത്ത് കോൺഗ്രസ് മുൻ വൈസ് പ്രസിഡന്റും മുൻ എംഎൽഎയുമായ കെ എസ് ശബരീനാഥൻ രംഗത്തുവന്നു. തൂവെള്ള ഖദർ വസ്ത്രത്തെ ഗാന്ധിയൻ ആശയങ്ങളുടെ ലാളിത്യത്തിന്റെ പ്രതീകമായി ഇപ്പോൾ കാണാൻ കഴിയില്ല. ഖദർ ഷർട്ട് സാധാരണ പോലെ വീട്ടിൽ കഴുകി ഇസ്തിരിയിടുന്നത് ബുദ്ധിമുട്ടാണ്. കളർ ഷർട്ട് എന്നാലോ എളുപ്പമാണ്. വസ്ത്രം ഏതായാലും മനസ്സ് നന്നായാൽ പോരേയെന്നും ശബരീനാഥൻ ഫെയ്‌സ്ബുക്ക് കുറിപ്പിൽ ചോദിക്കുന്നു.


ശബരീനാഥിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്:


യൂത്ത് കോൺഗ്രസ്‌കാർ ഖദർ ധരിക്കുന്നത് കുറവാണ് എന്നൊരു പരാമർശം പ്രിയപ്പെട്ട അജയ് തറയിൽ ചേട്ടൻ പറയുന്നത് കേട്ടു. അദ്ദേഹം പറഞ്ഞത് സത്യമാണ് എന്നാൽ അതിനൊരു കാരണമുണ്ട്.


ഞാൻ വസ്ത്രധാരണത്തിൽ അത്ര കാർക്കശ്യം പാലിക്കുന്ന ഒരാൾ അല്ല; ഖദറും വഴങ്ങും കളറും വഴങ്ങും. എന്നാൽ നേര് പറഞ്ഞാൽ തൂവെള്ള ഖദർ വസ്ത്രത്തെ ഗാന്ധിയൻ ആശയങ്ങളുടെ ലാളിത്യത്തിന്റെ പ്രതീകമായി ഇപ്പോൾ കാണാൻ കഴിയില്ല


ഒന്ന്, ഖദർ ഷർട്ട് സാധാരണ പോലെ വീട്ടിൽ കഴുകി ഇസ്തിരിയിടുന്നത് ബുദ്ധിമുട്ടാണ്. കളർ ഷർട്ട് എന്നാലോ എളുപ്പമാണ്.


രണ്ട്, ഒരു ഖദർ ഷർട്ട് ഡ്രൈക്ലീൻ ചെയ്യുന്ന ചിലവിൽ അഞ്ച് കളർ ഷർട്ട് ഇസ്തിരി ചെയ്തുകിട്ടും എന്ന പ്രായോഗികതക്കും വലിയ വിലയുണ്ട്.


അതിനാൽ വസ്ത്രം ഏതായാലും മനസ്സ് നന്നായാൽ മതി, അല്ലെ?

Previous Post Next Post