സൂംബക്കെതിരെ വിമര്‍ശനം: ടി കെ അഷ്‌റഫിനെ 24 മണിക്കൂറിനകം സസ്‌പെന്‍ഡ് ചെയ്യണം; നടപടി ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ്

കോഴിക്കോട്: സംസ്ഥാനത്തെ സ്‌കൂളുകളിൽ നടപ്പാക്കുന്ന സൂംബാ ഡാൻസ് പദ്ധതിയെ വിമർശിച്ച വിസ്ഡം ജനറൽ സെക്രട്ടറിയും അധ്യാപകനുമായ ടി കെ അഷ്‌റഫിനെതിരെ നടപടിയെടുക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടറാണ്, അഷ്‌റഫ് ജോലി ചെയ്യുന്ന സ്‌കൂൾ മാനേജർക്ക് നടപടി എടുക്കാൻ ആവശ്യപ്പെട്ട് കത്തു നൽകിയത്.


അഷ്‌റഫിനെതിരെ സസ്‌പെൻഷൻ അടക്കമുള്ള അച്ചടക്ക നടപടി 24 മണിക്കൂറിനകം സ്വീകരിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സർക്കാരിനെയും പൊതുവിദ്യാഭ്യാസ വകുപ്പിനെയും അപകീർത്തിപ്പെടുത്തും വിധം ടി കെ അഷ്‌റഫ് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ടുവെന്ന് കത്തിൽ പറയുന്നു. അഷ്‌റിന്റെ എഫ്ബി പോസ്റ്റും കത്തിനൊപ്പം ചേർത്തിട്ടുണ്ട്.


സ്‌കൂളുകളിൽ ലഹരി വിരുദ്ധ ക്യാംപെയിനിന്റെ ഭാഗമായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന സൂംബ ഡാൻസ് പദ്ധതിക്കെതിരെ ടി കെ അഷ്‌റഫ് ആയിരുന്നു ആദ്യം പരസ്യമായി വിമർശനം ഉന്നയിച്ചത്. പൊതുവിദ്യാലയത്തിലേക്ക് കുട്ടിയെ അയക്കുന്നത് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലക്ഷ്യംവെച്ചാണ്. ആൺകുട്ടികളും പെൺകുട്ടികളും കൂടിക്കലർന്ന് അൽപ്പവസ്ത്രം ധരിച്ച് സംഗീതത്തിന്റെ താളത്തിൽ തുള്ളുന്ന സംസ്‌കാരം പഠിക്കാൻ വേണ്ടിയല്ല. ഇത് പുരോഗമനമായി കാണുന്നവർ ഉണ്ടായേക്കാം. താൻ ഈ കാര്യത്തിൽ പ്രാകൃതനാണെന്നും അഷ്‌റഫ് അഭിപ്രായപ്പെട്ടിരുന്നു.


സൂംബ പദ്ധതിയെ വിമർശിച്ചതിന് ടി അഷ്‌റഫിനെതിരെ നടപടി സ്വീകരിക്കാനുള്ള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയെ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ വിമർശിച്ചു. ജെൻഡർ സാമൂഹ്യ നിർമ്മിതിയാണ്' എന്ന ആശയം ലൈംഗിക അരാജകത്വങ്ങൾക്കുള്ള ഒരു തുറന്ന വാതിലാണ് എന്നും സംഘടന കുറ്റപ്പെടുത്തി.

Previous Post Next Post