ദീർഘദൃഷ്ടിയുള്ള, നിഷ്‌കളങ്കനായ നേതാവ്; അനുസ്മരിച്ച് യുസഫലി

 

തിരുവനന്തപുരം: നിഷ്‌കളങ്കനായ രാഷ്ട്രീയ നേതാവാണ് വിഎസ് അച്യുതാനന്ദനെന്ന് വ്യവസായി എം എ യുസഫലി. കർക്കശമായ കാര്യങ്ങൾ തീരുമാനിക്കാനുള്ള അദ്ദേഹത്തിന്റെ പാടവം താൻ നേരിട്ട് അനുഭവിച്ചിട്ടുണ്ടെന്ന് യുസഫലി പറഞ്ഞു. തിരുവനന്തപുരം ദർബാർ ഹാളിൽ പൊതു ദർശനത്തിന് വെച്ച വി എസ് അച്യുതാനന്ദന്റെ ഭൗതികദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ ചെയർമാനായി വിഎസ് അച്യുതാനന്ദൻ ഇരുന്ന കാലത്ത് താൻ ബോർഡ് മെമ്പറായിരുന്നു. നോർക്ക ചെയർമാനായിരുന്ന കാലത്ത് എന്നെ അദ്ദേഹം വൈസ് ചെയർമാനാക്കി. സ്മാർട്ട് സിറ്റി കാര്യങ്ങളിൽ അടക്കം അദ്ദേഹവുമായി അടുത്ത് ഇടപഴകാൻ അവസരം ലഭിച്ചിട്ടുണ്ടെന്ന് യുസഫലി പറഞ്ഞു.


വിഎസിനെക്കുറിച്ചും, അദ്ദേഹത്തിന്റെ ദീർഘദൃഷ്ടിയെക്കുറിച്ചും നേരിട്ട് മനസ്സിലാക്കാൻ തനിക്ക് സാഹചര്യം ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗം കനത്ത നഷ്ടമാണ്. രാഷ്ട്രീയ നേതാവ് എന്നതിലുപരി മികച്ച ഭരണാധികാരിയായിരുന്നു. ഹി വാസ് എ ചീഫ് മിനിസ്റ്റർ ഹു വർക്ക്ഡ് ഹാർഡ് ഫോർ ദ സ്‌റ്റേറ്റ് ആന്റ് ഓൾസോ ഫോർ ദി കൺട്രി. എംഎ യൂസഫലി അഭിപ്രായപ്പെട്ടു.


നോർക്ക റൂട്ട്‌സിന്റെ ചെയർമാനായിരുന്ന കാലത്ത് പ്രവാസികളുമായി ബന്ധപ്പെട്ട ഏതു കാര്യം വന്നാലും ഉടൻ തന്നെ തീരുമാനമെടുക്കുന്ന വ്യക്തിയായിരുന്നു. ഗൾഫിലെത്തിയ വിഎസുമായി പലവട്ടം കാണുകയും, പല ഭരണനേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിട്ടുണ്ട്. അപ്പോഴൊക്കെ പ്രവാസി മലയാളികളുടെ കാര്യങ്ങളെക്കുറിച്ച് വിഎസ് അന്വേഷിക്കുമായിരുന്നു. അതുകൊണ്ടു കീടിയാണ് വിഎസിനെ കാണാനും അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കാനും തിരുവനന്തപുരത്ത് എത്തിയതെന്നും യൂസഫലി കൂട്ടിച്ചേർത്തു.

Previous Post Next Post