പാവങ്ങളുടെ പടത്തലവാ... കണ്ണേ കരളേ വിയെസ്സേ....; അനന്തപുരിയോട് വിട ചൊല്ലി ജന്മനാട്ടിലേക്ക്, വിലാപയാത്ര

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും കേരളത്തിന്റെ സമരനായകനുമായ വി എസ് അച്യുതാനന്ദൻ അനന്തപുരിയോട് വിട ചൊല്ലി. ദർബാർ ഹാളിലെ പൊതു ദർശനം അവസാനിപ്പിച്ച് ഉച്ചയ്ക്ക് ശേഷം 2.25 ഓടെയാണ് വിലാപയാത്രയ്ക്കായി മൃതദേഹം പ്രത്യേകം അലങ്കരിച്ച കെഎസ്ആർടിസി ബസിലേക്ക് മാറ്റിയത്. ദർബാർ ഹാളിൽ നിന്നും വിഎസിന്റെ ഭൗതികദേഹം ബസിലേക്ക് മാറ്റുമ്പോഴും, വിപ്ലവനായകനെ ഒരുനോക്കു കാണാനും അന്ത്യാഭിവാദ്യം അർപ്പിക്കാനുമായി ആയിരക്കണക്കിന് ആളുകളാണ് കാത്തു നിന്നിരുന്നത്.


'കണ്ണേ കരളേ വിയെസ്സേ... ഞങ്ങടെ ചങ്കിലെ റോസാപ്പൂവേ.. പാവങ്ങളുടെ പടത്തലവാ... ആരു പറഞ്ഞു മരിച്ചെന്ന്.... ജീവിക്കുന്നു ഞങ്ങളിലൂടെ...' എന്നിങ്ങനെ പ്രവർത്തകരുടെയും അനുയായികളുടെയും മുദ്രാവാക്യം വിളികൾ ദർഹാർ വളപ്പിൽ കടലിരമ്പം പോലെ മുഴങ്ങിക്കൊണ്ടിരുന്നു. ദർബാർ ഹാളിൽ രാവിലെ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ വിലാപയാത്രയ്ക്കായി മൃതദേഹം ബസിലേക്ക് മാറ്റുന്നതുവരെ ഇരുന്നു. ദർബാർ ഹാളിൽ അഞ്ചു മണിക്കൂറോളം നീണ്ടു നിന്ന പൊതുദർശനത്തിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, രമേശ് ചെന്നിത്തല തുടങ്ങി വിവിധ രാഷ്ട്രീയ-സാമൂഹിക-മത നേതാക്കൾ അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു.


ദർബാർ ഹാളിൽ നിന്നും ദേശീയപാത വഴിയാണ് വി എസ് അച്യുതാനന്ദന്റെ വിലാപയാത്ര പോകുന്നത്. വിലാപയാത്ര കടന്നുപോകുന്ന വഴികളിൽ തങ്ങളുടെ പ്രതീക്ഷയുടെ കെടാത്തിരി നാളമായി നിലകൊണ്ട വിപ്ലവനായകന് അന്ത്യാഞ്ജലി അർപ്പിക്കാനായി ജനസഹസ്രങ്ങളാണ് കാത്തു നിന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മറ്റ് മുതിർന്ന നേതാക്കളും വിലാപയാത്രയെ അനുഗമിക്കുന്നുണ്ട്. തിരുവനന്തപുരത്ത് 27 പ്രധാന ഇടങ്ങളിൽ വിഎസിന്റെ ഭൗതികദേഹം പൊതുജനങ്ങൾക്ക് കാണാനും അന്തിമോപചാരം അർപ്പിക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. കൊല്ലത്ത് ഏഴിടങ്ങളിലും പൊതുജനങ്ങൾക്ക് കാണാൻ അവസരമുണ്ട്.


വിലാപയാത്ര കടന്നുപോകുന്ന വഴികൾ -


പാളയം, പിഎംജി, പ്ലാമൂട്, പട്ടം, കേശവദാസപുരം, ഉള്ളൂർ, പോങ്ങുംമൂട്, ശ്രീകാര്യം, ചാവടിമുക്ക്, പാങ്ങപ്പാറ, കാര്യവട്ടം, കഴക്കൂട്ടം, വെട്ടുറോഡ്, കണിയാപുരം, പള്ളിപ്പുറം, മംഗലപുരം, ചെമ്പകമംഗലം, കോരാണി, മൂന്നുമുക്ക്, ആറ്റിങ്ങൽ, കച്ചേരിനട, ആലംകോട്, കടുവയിൽ, കല്ലമ്പലം, നാവായിക്കുളം, 28-ാം മൈൽ, കടമ്പാട്ടുകോണം എന്നിവിടങ്ങളിലാണ് തിരുവനന്തപുരത്ത് പൊതുദർശനത്തിന് അവസരമൊരുക്കിയിരിക്കുന്നത്.


കൊല്ലം ജില്ലയിൽ പാരിപ്പള്ളി, ചാത്തന്നൂർ, കൊട്ടിയം, ചിന്നക്കട ബസ് ബേ, കാവനാട്, ചവറ ബസ് സ്റ്റാൻഡ്, കരുനാഗപ്പള്ളി, ഓച്ചിറ എന്നിവിടങ്ങളിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ ക്രമീകരണമുണ്ട്.


ആലപ്പുഴയിൽ കെ പി എ സി ജങ്ഷൻ, കായംകുളം കെഎസ്ആർടിസി സ്റ്റാൻഡ്, കരിയിലക്കുളങ്ങര, നങ്ങ്യാരകുളങ്ങര, ഹരിപ്പാട് കെഎസ്ആർടിസി സ്റ്റാൻഡ്, ഠാണാപ്പടി, കരുവാറ്റ, തോട്ടപ്പള്ളി, പുറക്കാട്, അമ്പലപ്പുഴ, വണ്ടാനം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ അന്ത്യോപചാരം അർപ്പിക്കാൻ ക്രമീകരണമുണ്ട്.

Previous Post Next Post