തിരുവനന്തപുരം: ബിജെപിയുടെ പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് തിരുവനന്തപുരത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തു. ഓഫീസിന് മുന്നിലെത്തിയ അമിത് ഷാ ആദ്യം പാർട്ടി പതാക ഉയർത്തി. തുടർന്ന് ഓഫീസിന് മുന്നിൽ കണിക്കൊന്നയുടെ തൈ നട്ടു . തുടർന്ന് നാട മുറിച്ച് കെട്ടിടത്തിൽ പ്രവേശിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി സംഘടനയുടെ സ്ഥാപക നേതാക്കളായ ശ്യാമപ്രസാദ് മുഖർജിയുടെയും ദീനദയാൽ ഉപാദ്ധ്യായയുടെയും വെങ്കല പ്രതിമകൾക്ക് മുന്നിൽ നിലവിളക്കു കൊളുത്തി ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു.
തുടർന്ന്ഓഫീസിന്റെ നടുത്തളത്തിൽ സ്ഥാപിച്ച മുൻ സംസ്ഥാന അധ്യക്ഷൻ കെ.ജി. മാരാരുടെ അർധകായ വെങ്കലപ്രതിമ അമിത് ഷാ അനാച്ഛാദനം ചെയ്തു. ദേശീയ- സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിൽ പ്രതിമയിൽ ഹാരാർപ്പണം നടത്തി. തുടർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഓഫീസ് കെട്ടിടം നടന്നു കണ്ടു. തൈക്കാട് രണ്ടര പതിറ്റാണ്ട് മുമ്പ് വാങ്ങിച്ച 55 സെന്റ് സ്ഥലത്താണ് 60,000 ചതുരശ്ര അടിയുള്ള മാരാർജി ഭവൻ നിർമ്മിച്ചിരിക്കുന്നത്. കേരളീയ വാസ്തു വിദ്യയെ അടിസ്ഥാനമാക്കി നാലുകെട്ട് മാതൃകയിൽ ഏഴ് നിലകളായാണ് കാര്യാലയം ഒരുക്കിയിരിക്കുന്നത്.
കേരളത്തിന്റെ പ്രഭാരി പ്രകാശ് ജാവഡേക്കർ, കേന്ദ്രമന്ത്രി ജോർജ് കുര്യൻ, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, മുൻ സംസ്ഥാന പ്രസിഡന്റുമാരായ കെ സുരേന്ദ്രൻ, സികെപി പത്മനാഭൻ, കുമ്മനം രാജശേഖരൻ, പി കെ കൃഷ്ണദാസ്, മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ, മുൻ എംഎൽഎയും മുതിർന്ന നേതാവുമായ ഒ രാജഗോപാൽ, ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എംടി രമേശ്, എസ് സുരേഷ് തുടങ്ങിയവർ ഓഫീസ് ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.
പരിപാടിക്ക് ശേഷം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തേക്ക് പോയ അമിത് ഷാ ബിജെപി വാർഡ് തല നേതൃസംഗമത്തിൽ പങ്കെടുക്കും. നേതൃസംഗമം ഉദ്ഘാടനം ചെയ്ത് അമിത് ഷാ പ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 5,000 വാർഡ് സമിതികളിലെ 25,000 പേരാണ് നേതൃ സംഗമത്തിനെത്തുന്നത്. മറ്റു 10 ജില്ലകളിലെ അഞ്ചംഗ വാർഡ് സമിതി അംഗങ്ങളും പഞ്ചായത്ത് മുതൽ ജില്ലാതലം വരെയുള്ള നേതാക്കളും വെർച്വലായി പങ്കെടുക്കും. ഒന്നര ലക്ഷത്തോളം പേർ വെർച്വലായി സമ്മേളനത്തിന്റെ ഭാഗമാകുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു.