പാലക്കാട് കാര്‍ പൊട്ടിത്തെറിച്ചു പൊള്ളലേറ്റ രണ്ട് കുട്ടികളും മരിച്ചു, അമ്മയുടെ നില ​ഗുരുതരം

പാലക്കാട്: പൊൽപ്പുള്ളിയിൽ കാർ പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ട് കുട്ടികളും കുട്ടി മരിച്ചു. പൊൽപ്പുള്ളി അത്തിക്കോട് പൂളക്കാട്ടിൽ പരേതനായ മാർട്ടിൻ-എൽസി ദമ്പതിമാരുടെ മകൾ എമിലീന മരിയ മാർട്ടിൻ (4), ആൽഫിൻ(6) എന്നിവരാണ് ശനിയാഴ്ച ഉച്ചയോടെ മരിച്ചത്. കുട്ടികളുടെ അമ്മ എൽസിയുടെ നില ഗുരുതരമായി തുടരുകയാണ്.



ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം നടന്നത്. സ്വകാര്യ ആശുപത്രിയിൽ നഴ്‌സായ എൽസി മക്കളുമായി പുറത്തുപോകാൻ കാർ സ്റ്റാർട്ട് ചെയ്ത ഉടൻ തീ പിടിക്കുകയായിരുന്നു. എൽസിയുടെ മൂത്തമകൾ പത്ത് വയസുകാരി അലീനയ്ക്കും അമ്മ ഡെയ്‌സിക്കും പൊള്ളലേറ്റിരുന്നു. ഇവർ ഇരുവരും പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.


പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ നഴ്സായ എൽസി ജോലികഴിഞ്ഞ് തിരിച്ചെത്തി വീടിനുമുന്നിൽ കാർ നിർത്തിയിട്ടിരുന്നു. ഒരുമണിക്കൂറിനുശേഷം മക്കൾക്കൊപ്പം പുറത്തുപോകാനായി കാറിൽക്കയറി സ്റ്റാർട്ട് ചെയ്യുന്നതിനിടെ തീ പിടിക്കയായിരുന്നു എന്നാണ് വിവരം. തീ ആളിക്കത്തുന്നതുകണ്ട് വീടിനുമുന്നിലെത്തിയ പ്രദേശവാസികൾ കണ്ടത് ശരീരമാസകലം പൊള്ളലേറ്റ എൽസിയെയാണ്. കുട്ടികളെ എൽസിതന്നെയാണ് കാറിൽ നിന്നും പുറത്തെത്തിച്ചതെന്നും അവർ പറഞ്ഞു.


കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് എൽസിയുടെ അമ്മ ഡെയ്സിക്ക് പൊള്ളലേറ്റത്. ബഹളംകേട്ട് ഓടിയെത്തിയ നാട്ടുകാർ സമീപത്തെ കിണറിൽനിന്നും വെള്ളം പമ്പുചെയ്താണ് തീയണച്ചത്.


എൽസിയുടെ ഭർത്താവ് മാർട്ടിൻ ഒന്നരമാസംമുമ്പാണ് കാൻസർ ബാധിതനായി മരിച്ചത്. അട്ടപ്പാടി സ്വദേശികളായ എൽസിയും കുടുംബവും അഞ്ചുവർഷം മുൻപാണ് പൊൽപ്പുള്ളി പൂളക്കാട്ട് താമസമായത്.

Previous Post Next Post