ദേശീയപാത 66 കൊച്ചി മെട്രോയ്ക്ക് മുകളിലൂടെ കടന്നുപോകും; പാലാരിവട്ടത്ത് 32 മീറ്റർ ഉയരത്തിൽ ഫ്‌ളൈഓവർ

 


കൊച്ചി: കേരളത്തിലെ ദേശീയ പാത 66 ന്റെ ഭാഗമായ ഇടപ്പള്ളി-അരൂർ എലിവേറ്റഡ് ഹൈവേ പാലാരിവട്ടത്ത് കൊച്ചി മെട്രോ വയഡക്റ്റിന് മുകളിലൂടെ കടന്നുപോകും. പ്രോജക്ട് കൺസൾട്ടന്റ് ദേശീയ പാത അതോറിറ്റിക്ക് സമർപ്പിച്ച പുതുക്കിയ പ്രോജക്ട് റിപ്പോർട്ടിൽ (ഡിപിആർ) ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നിർമാണം പുരോഗമിക്കുന്ന ജവഹർലാൽ നെഹ്റു സ്റ്റേഡിയം-ഇൻഫോപാർക്ക് കൊച്ചി മെട്രോ സ്‌ട്രെച്ചിന്റെ ( പിങ്ക് ലൈൻ) മുകളിലൂടെ ആയിരിക്കും ആറുവരിപാത കടന്നുപോവുക എന്നാണ് ഡിപിആർ പറയുന്നത്. മെട്രോ വയഡക്റ്റിനും മുകളിൽ 32 മീറ്റർ ഉയരത്തിലാണ് ഫ്‌ളൈഓവർ നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത് എന്ന് മുതിർന്ന എൻഎച്ച്എഐ ഉദ്യോഗസ്ഥനും വ്യക്തമാക്കുന്നു.



ഹൈവേ നിർമാണ കമ്പനിയായ ഭോപ്പാൽ ആസ്ഥാനമായുള്ള ഹൈവേ എഞ്ചിനീയറിംഗ് കൺസൾട്ടന്റ്‌സ് ലിമിറ്റഡ് നേരത്തെ സമർപ്പിച്ച ഡിപിആറിൽ നിർമാണം പുരോഗമിക്കുന്ന മെട്രോ പാത പരിഗണിക്കപ്പെട്ടിരുന്നില്ല. ഇതോടെയാണ് അലൈൻമെന്റ് പരിഷ്‌കരിക്കാൻ നിർദേശം നൽകിയത്. മാസത്തിനുള്ളിൽ പരിഷ്‌കരിച്ച ഡിപിആർ സമർപ്പിക്കാൻ ആയിരുന്നു എൻഎച്ച്എഐ കൺസൾട്ടന്റിനോട് നിർദേശിച്ചിരുന്നത്. എന്നാൽ അഞ്ച് മാസം വൈകിയാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. പ്രാഥമിക റിപ്പോർട്ട് പ്രകാരം, പദ്ധതിക്ക് 3,600 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ദേശീയ പാത അതോറിറ്റി അംഗീകാരത്തിന് ശേഷം തയ്യാറാക്കുന്ന അന്തിമ എസ്റ്റിമേറ്റിൽ പദ്ധതി ചെലവ് ഇനിയും ഉയരുമെന്നാണ് വിലയിരുത്തൽ.


റോ (റൈറ്റ ഓഫ് വേ) പ്രകാരമാണ് പാതയുടെ നിർമാണം പദ്ധയിട്ടിരിക്കുന്നത്. അതിനാൽ ഭൂമി ഏറ്റടുക്കൽ ഉൾപ്പെടെ പ്രശ്‌നങ്ങൾ സൃഷ്ടിച്ചേക്കില്ല. വളരെ കുറച്ച് ഭൂമി മാത്രമാണ് നിർമാണത്തിന് ഏറ്റെടുക്കേണ്ടി വരികയെന്നും ഉദ്യോഗസ്ഥർ പറയുന്നു.


അതേസമയം, നിർമാണം പുരോഗമിക്കുന്ന 12.75 കിലോമീറ്റർ അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ പദ്ധതിയുടെ 65 ശതമാനം ജോലികളും എൻഎച്ച്എഐ പൂർത്തിയാക്കി. 2026 ഫെബ്രുവരിയിൽ നിർമ്മാണങ്ങൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേയുടെ വിപുലീകരണമെന്ന നിലയിൽ ആണ് പാലാരിവട്ടത്തെ ഫ്‌ളൈഓവർ ഉൾപ്പെട്ട ഇടപള്ളി വരെയുള്ള പാത നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. ഇടപ്പള്ളി ജംഗ്ഷനു സമീപമുള്ള ഒബറോൺ മാളിന് മുമ്പ് ആരംഭിച്ച്, നിലവിൽ നിർമ്മാണത്തിലിരിക്കുന്ന തുറവൂർ-അരൂർ എലിവേറ്റഡ് ഹൈവേയുടെ അരൂർ ജങ്ഷനിൽ ലാൻഡിങ്ങിന് തൊട്ടടുത്ത് അവസാനിക്കുന്നതാണ് നഗരത്തിലെ ആകാശപാത.

Previous Post Next Post