സംസ്ഥാനത്ത് വെളിച്ചണ്ണ വിലയില്‍ വന്‍ വര്‍ധനവ് തുടരുകയാണ്.ചില്ലറ വിപണിയില്‍ വില ലിറ്ററിന് 525ന് മുകളിലെത്തി നില്‍ക്കുകയാണ്.കുതിച്ചുയരുന്ന വെളിച്ചെണ്ണവിലയെ പിടിച്ചു നിര്‍ത്താന്‍ വിപണിയില്‍ ഇടപെടല്‍ നടത്തുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.'നാളികേരത്തിന്റെയും വെളിച്ചെണ്ണയുടേയും വില എല്ലാ ഭാഗങ്ങളിലും കുതിച്ചുയരുന്നതാണ് കാണുന്നത്.
കഴിഞ്ഞ മാസം 277 രൂപയ്ക്ക് നല്‍കിയ വെളിച്ചെണ്ണ ഈ മാസം 321 രൂപയ്ക്കാണ് നല്‍കുന്നത്. സ്റ്റോക്ക് പരിമിതമാണ്. വെളിച്ചെണ്ണ ഉത്പാദകരുടെ യോഗം വിളിക്കും. കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉത്പാദകരുടെ വെളിച്ചെണ്ണ കേരളത്തിലെ വിപണിയില്‍ വില്‍ക്കാനുള്ള സാഹചര്യം ഒരുക്കാനും ശ്രമിക്കുന്നതായി മന്ത്രി വിശദീകരിച്ചു. ഓണവിപണിയില്‍ വെളിച്ചെണ്ണ സപ്ലൈക്കോ ഔട്ട്‌ലെറ്റില്‍ ന്യായ വിലക്ക് ലഭ്യമാക്കും എന്നും മന്ത്രി അറിയിച്ചു.'
അതേസമയം, റേഷൻ സാധനങ്ങള്‍ വാങ്ങാത്തവരെ പട്ടികയില്‍ നിന്നും ഒഴിവാക്കുമെന്ന അറിയിപ്പ് ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്രഗവണ്‍മെന്റിന് അത്തരത്തിലൊരു തീരുമാനമുണ്ടെന്ന് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. എന്താണെന്നുളളത് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. കേരളത്തില്‍ 99% തോളം മസ്റ്ററിങ് പൂർത്തിയാക്കിയിട്ടുണ്ട്. ബാക്കി ആളുകളുടെ നിലപാട് എന്താണെന്ന് സംബന്ധിച്ച് വിവരം കിട്ടിയാല്‍ അതിന് അനുസരിച്ചുളള തീരുമാനം കൈക്കൊള്ളും. വടക്കൻ കേരളത്തില്‍ മട്ട അരിക്ക് പകരം പുഴുക്കലരി നല്‍കുന്നത് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.