തിരുവനന്തപുരം: വയറുവേദനയുമായി ആശുപത്രിയിലെത്തിയ സ്ത്രീയുടെ വയറ്റിൽ നിന്ന് 41 റബ്ബർബാൻഡുകൾ പുറത്തെടുത്തു. പാറശ്ശാല സരസ്വതി ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലാണ് പാറശാല സ്വദേശിനിയായ നാല്പതുകാരിയുടെ വയറ്റിൽ നിന്ന് റബർ ബാൻഡുകൾ നീക്കം ചെയ്തത്.
വയറുവേദനയെത്തുടർന്ന് വിവിധ ആശുപത്രിയിൽ ചികിത്സതേടിയെങ്കിലും മാറ്റമുണ്ടാകാത്തതിനെത്തുടർന്ന് നാലുദിവസം മുൻപാണ് നാൽപ്പത് വയസ്സുകാരി പാറശ്ശാല സരസ്വതി ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയത്.സ്‌കാനിങ്ങിൽ ചെറുകുടലിലെ തടസമാണ് വയറുവേദനയ്ക്ക് കാരണമായതെന്നു കണ്ടെത്തി. സ്‌കാനിങ്ങിൽ ചെറുകുടലിൽ മുഴയും തടസവും ശ്രദ്ധയിൽപ്പെട്ടു. ചെറുകുടലിൽ അടിഞ്ഞ നിലയിലായിരുന്നു റബ്ബർ ബാൻഡുകൾ ഉണ്ടായിരുന്നത്.
തുടർന്ന് രോഗിയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയമാക്കുകയായിരുന്നു. സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന ഇവർക്ക് റബ്ബർബാൻഡ് വായിലിട്ട് ചവയ്ക്കുന്ന ശീലം ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സ്വന്തം തലമുടിപോലുള്ള ഭക്ഷയോഗ്യമല്ലാത്ത സാധനങ്ങൾ കഴിക്കുന്ന മാനസികവൈകല്യങ്ങളുള്ളവരിൽ ഇത്തരം അവസ്ഥ ധാരാളം റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും റബ്ബർബാൻഡ് വിഴുങ്ങി ഇത്തരം അവസ്ഥയുണ്ടാകുന്നത് വളരെ അപൂർവമാണെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു.
