കോട്ടയം: വൈക്കത്ത് ചെമ്പിൽ വള്ളം മറിഞ്ഞ് അപകടം. 30 പേരുമായി പോയ വള്ളമാണ് മറിഞ്ഞത്. എല്ലാവരെയും രക്ഷപ്പെടുത്തിയെന്നും ഒരാളെ കാണാനില്ലെന്നുമുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. രക്ഷപ്പെടുത്തിയവരെ ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് ഉച്ചയോടെ മുറിഞ്ഞപുഴയിലാണ് സംഭവം. മരണ വീട്ടിലേക്ക് വന്ന് മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. പാണാവള്ളിയിൽ നിന്ന് വന്നവരാണിവർ. തീരത്ത് നിന്ന് വള്ളം നീങ്ങി അൽപ്പസമയത്തിന് ശേഷമാണ് വള്ളം ഒഴുക്കിൽപ്പെട്ട് മറിഞ്ഞത്.
പാണാവള്ളിയിൽ നിന്ന് കാട്ടിക്കുന്നിലേക്കുള്ള എളുപ്പ മാർഗം എന്ന നിലയിലാണ് ആളുകൾ വള്ളത്തിൽ പോയത്. രണ്ട് ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.