വന്ദേഭാരതിൽ ഇനി തത്സമയ റിസർവേഷൻ; 15 മിനിറ്റ് മുമ്പു വരെ ടിക്കറ്റ് ബുക്ക് ചെയ്യാം

കൊച്ചി: ആലപ്പുഴ വഴി സർവീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസിൽ തത്സമയ റിസർവേഷൻ ആരംഭിച്ച് റെയിൽവേ. തിരുവനന്തപുരം- മംഗളൂരു, മംഗളൂരു- തിരുവനന്തപുരം ട്രെയിനുകളിലാണ് ഈ സൗകര്യമുള്ളത്. സ്റ്റേഷൻ കൗണ്ടറിൽ നിന്നോ ഓൺലൈൻ ആയോ ടിക്കറ്റ് ബുക്ക് ചെയ്യാം.


തെരഞ്ഞെടുത്ത വന്ദേഭാരത് ട്രെയിനുകളിൽ തത്സമയ റിസർവേഷൻ സൗകര്യം അനുവദിക്കുമെന്ന് ദക്ഷിണ റെയിൽവേ നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കേരളത്തിൽ ആലപ്പുഴ വഴിയുള്ള വന്ദേഭാരതിൽ തത്സമയ റിസർവേഷൻ തുടങ്ങിയത്. സീറ്റ് ഒഴിവുണ്ടെങ്കിലും ട്രെയിൻ ആദ്യ സ്റ്റേഷൻ വിട്ടുകഴിഞ്ഞാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഇതുവരെ കഴിയുമായിരുന്നില്ല.


സ്റ്റേഷനുകളിൽ ട്രെയിൻ എത്തുന്നതിന് 15 മിനിറ്റ് മുമ്പ് വരെ ഇനി കറന്റ് റിസർവേഷൻ ലഭ്യമാകും. ചെന്നൈ- നാഗർകോവിൽ, നാഗർകോവിൽ-ചെന്നൈ, കോയമ്പത്തൂർ-ബംഗലൂരു, മംഗളൂരു- മഡ്ഗാവ്, മധുര -ബംഗലൂരു, ചെന്നൈ- വിജയവാഡ വന്ദേഭാരത് ട്രെയിനുകളിലും സമാന രീതിയിൽ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.

Previous Post Next Post