വീണ്ടും പനിക്കാലം; 10,000-ത്തിലധികം പേര്‍ ദിനംപ്രതി ചികിത്സതേടുന്നു, ആശങ്കയായി എലിപ്പനി.


സംസ്ഥാനത്ത് ഒരാഴ്ചയായി പകർച്ചപ്പനിക്ക് ചികിത്സതേടുന്നത് പ്രതിദിനം പതിനായിരത്തിലേറെപ്പേർ. ഇടവിട്ടുള്ള മഴയും കാലാവസ്ഥയിലുണ്ടായ മാറ്റവുമാണ് പനിപടരാൻ കാരണമെന്നാണ് നിഗമനം.

വൈറല്‍ പനിയാണ് ഭൂരിഭാഗവും. ഡെങ്കി, എലിപ്പനി എന്നിവയും മിക്കജില്ലകളില്‍നിന്നും റിപ്പോർട്ട് ചെയ്യുന്നുണ്ട്.

കഴിഞ്ഞമാസം കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയർന്നത് ആശങ്കസൃഷ്ടിച്ചിരുന്നു. ഇപ്പോള്‍ 45 പേരേ ചികിത്സയിലുള്ളൂ. ഒരാഴ്ചയ്ക്കിടെ മൂന്നൂറിലധികം പേരാണ് ഡെങ്കിപ്പനിക്ക് ചികിത്സതേടിയത്. ഈവർഷം 37 പേർ ഡെങ്കിബാധിച്ച്‌ മരിച്ചു. 4883 പേർ ഇൗ മാസംമാത്രം ചികിത്സതേടി.

എലിപ്പനിബാധിച്ച്‌ ഇക്കൊല്ലം 88 മരണം സ്ഥിരീകരിച്ചു. ഇതില്‍ 23 പേരും മരിച്ചത് ഈമാസമാണ്.

എലിപ്പനിക്ക് ചികിത്സതേടിയ 69 പേരുടെ മരണകാരണം ഇനിയും സ്ഥിരീകരിക്കാനുമുണ്ട്. വളരെ വൈകിമാത്രമാണ് എലിപ്പനി സ്ഥിരീകരിക്കുന്നതും ചികിത്സതുടങ്ങുന്നതുമെന്നതാണ് മരണനിരക്കുയരാൻ കാരണമെന്നാണ് നിഗമനം. 516 പേർ ഈമാസം മാത്രം ചികിത്സതേടിയിട്ടുണ്ട്.

Previous Post Next Post