ഓപ്പറേഷൻ സിന്ദൂർ 100 ശതമാനവും വിജയം, ഭീകരുടെ വീടുകൾ 22 മിനിറ്റിനുള്ളിൽ നിലംപരിശാക്കി



ന്യൂഡൽഹി: പാർലമെന്റിന്റെ മൺസൂൺ സമ്മേളനം ഓപ്പറേഷൻ സിന്ദൂറിലെ സൈനികരുടെ വിജയത്തിന്റെ ആഘോഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകം മുഴുവൻ ഇന്ത്യയുടെ ശക്തി കണ്ടതായും ഈ വിഷയത്തിൽ എല്ലാ പാർട്ടികളും ഐക്യത്തിന് ആഹ്വാനം ചെയ്തതായും അദ്ദേഹം പറഞ്ഞു. വർഷ കാല സമ്മേളനത്തിന് മുൻപ് പതിവു പോലെ മാധ്യമങ്ങളെ കാണുകയായിരുന്നു മോദി.


പ്രസംഗത്തിൽ ബഹിരാകാശ നിലയത്തിൽ ഇന്ത്യ കാലുകുത്തുന്നത് മുതൽ 2026 ഓടെ 'നക്‌സലിസ രഹിത' രാജ്യം എന്ന സർക്കാരിന്റെ ലക്ഷ്യം വരെയുള്ള നിരവധി വിഷയങ്ങൾ പരാമർശിച്ചു. ഓപ്പറേഷൻ സിന്ദൂർ 100 ശതമാനവും വിജയമായിരുന്നുവെന്ന് പറഞ്ഞ മോദി, ഇതിന് വേണ്ടി പരിശ്രമിച്ച സായുധ സേനയെ പ്രശംസിച്ചു. ' ഓപ്പറേഷൻ സിന്ദൂറിനുശേഷം രാജ്യത്ത് ഐക്യം കണ്ടുവെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു, പക്ഷേ പാർലമെന്റിലും നേതാക്കൾ ഒന്നിക്കണം. ഏപ്രിൽ 22ലെ പഹൽഗാം ഭീകരാക്രമണത്തിന് പ്രതികാരം ചെയ്യുന്നതിനായി പാകിസ്ഥാനിലെയും പാകിസ്ഥാൻ അധിനിവേശ കശ്മീരിലെയും ഭീകര കേന്ദ്രങ്ങളിൽ സൈനിക ആക്രമണം നടത്തി. ഇന്ത്യയുടെ സൈനിക ശക്തി ലോകം മുഴുവൻ കണ്ടു. ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യൻ സൈന്യം 100 ശതമാനവും വിജയം കൈവരിച്ചു. ഓപ്പറേഷൻ സിന്ദൂറിന് കീഴിൽ, ഭീകരുടെ വീടുകൾ 22 മിനിറ്റിനുള്ളിൽ നിലംപരിശാക്കി,'- മോദി പറഞ്ഞു.


'മെയ്ഡ് ഇൻ ഇന്ത്യ എന്ന ആശയം ആഗോള ശ്രദ്ധ പിടിച്ചുപറ്റി. ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യൻ സായുധ സേന അവരുടെ ശക്തി പ്രകടിപ്പിച്ചു. ഇന്ത്യയുടെ സൈനിക ശക്തിയുടെ ഒരു പുതിയ വശത്തെ പ്രതിനിധീകരിക്കുന്ന 'മെയ്ഡ് ഇൻ ഇന്ത്യ' എന്ന ആശയം ആഗോള ശ്രദ്ധ പിടിച്ചുപറ്റി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആളുകളെ ഞാൻ കാണുമ്പോഴെല്ലാം, ഇന്ത്യയിൽ നിർമ്മിച്ച ആയുധങ്ങളോടുള്ള താൽപര്യം വർദ്ധിച്ചുവരുന്നത് ഞാൻ കണ്ടു,'- അദ്ദേഹം പറഞ്ഞു.


നക്‌സലിസം അവസാനിപ്പിക്കാനുള്ള സർക്കാരിന്റെ ദൃഢനിശ്ചയത്തെക്കുറിച്ചും പ്രധാനമന്ത്രി മോദി സംസാരിച്ചു. 'ഇന്ന് പല ജില്ലകളും നക്‌സലിസത്തിൽ നിന്ന് മുക്തമാണ്. 'ചുവന്ന ഇടനാഴികൾ' 'പച്ച വളർച്ചാ മേഖലകളായി' മാറുകയാണ്. ഇന്ത്യ ഇപ്പോൾ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണ്. 'ദുർബലമായ അഞ്ച്' രാജ്യങ്ങളിൽ ഒന്നായി രാജ്യത്തെ കണക്കാക്കിയിരുന്ന കാലം കഴിഞ്ഞുപോയി. 2014 ന് മുമ്പ് പണപ്പെരുപ്പ നിരക്ക് ഇരട്ട അക്കത്തിലായിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന്, നിരക്ക് ഏകദേശം രണ്ടു ശതമാനം ആയി കുറഞ്ഞതോടെ, സാധാരണക്കാർക്ക് ആശ്വാസമായി മാറിയിരിക്കുന്നു,'- പ്രധാനമന്ത്രി പറഞ്ഞു.


Previous Post Next Post