പാലക്കാട്: കേരളത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അടിയന്തര സുരക്ഷാ ഓഡിറ്റ് നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഈ മാസം 25 മുതൽ 31 വരെ ഉദ്യോഗസ്ഥർ സ്‌കൂളുകളിൽ നേരിട്ട് പരിശോധന നടത്തും. ഇതു നിരീക്ഷിക്കാനായി വിദ്യാഭ്യാസ വകുപ്പിലെ വിജിലൻസ് ടീമിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പൊതു വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചൊവ്വാഴ്ച (നാളെ ) തിരുവനന്തപുരം ശിക്ഷക് സദനിൽ രാവിലെ 9.30 ന് ചേരും. യോഗത്തിൽ വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട ജില്ലാ തലത്തിലുള്ള ഉദ്യോഗസ്ഥരടക്കം യോഗത്തിൽ സംബന്ധിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് മെയ് 13 ന് മുന്നൊരുക്കങ്ങൾക്ക് മുന്നോടിയായി പൊതു വിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിച്ച സർക്കുലറിൽ നടന്ന പ്രവർത്തനങ്ങൾ യോഗം വിലയിരുത്തും. 40 ഓളം നിർദേശങ്ങളാണ് സർക്കുലറിൽ നിർദേശിച്ചിരുന്നത്. വൈദ്യുതിയുമായി ബന്ധപ്പെട്ട കാര്യങ്ങളും സുരക്ഷയുമായി ബന്ധപ്പെട്ട് പ്രത്യേകം നിർദേശിച്ചിട്ടുള്ളതാണ്. സ്‌കൂൾ കെട്ടിടത്തിന് മുകളിലൂടെ വൈദ്യുതി ലൈൻ പോകാൻ പാടില്ല എന്നതടക്കം വ്യക്തമായി നിർദേശിച്ചിട്ടുണ്ട്.
കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിൽ മിഥുൻ എന്ന വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ഹെഡ്മാസ്റ്ററെ മാത്രം ബലിയാടാക്കി എന്ന ആക്ഷേപം ശരിയല്ല. എഇ, മാനേജ്‌മെന്റ് തുടങ്ങിയവയ്ക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. മിഥുന്റെ കുടുംബത്തെ സഹായിക്കണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം സ്‌കൂൾ മാനേജ്‌മെന്റ് അംഗീകരിച്ചിട്ടുണ്ട്. 10 ലക്ഷം രൂപ നൽകാൻ മാനേജ്‌മെന്റ് സമ്മതിച്ചിട്ടുണ്ട്. ആ കുടുംബത്തിന്റെ അവസ്ഥ കണ്ടാൽ ഇതൊന്നും ഒരു സഹായമല്ല. മിഥുന്റെ മാതാപിതാക്കളിൽ ആർക്കെങ്കിലും സ്‌കൂളിൽ ജോലി നൽകാൻ മാനേജ്‌മെന്റ് തയ്യാറാകണമെന്ന് മന്ത്രി നിർദേശിച്ചു.
മിഥുന്റെ വീട് കണ്ടാൽ വളരെ ദയനീയമാണ്. ഫല്ക്‌സ് ബോർഡ് വെച്ചു മറച്ച വീടാണത്. മിഥുന്റെ മാതാപിതാക്കളിൽ ആർക്കെങ്കിലും ജോലി നൽകിയാൽ ആ കുടുംബത്തിന് ാെരു വാരുമാനമാകും. സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സിന്റെ നേതൃത്വത്തിൽ 20 ലക്ഷം രൂപയിൽ താഴെ വരുന്ന നിലയിൽ ഒരു വീട് നിർമ്മിച്ചു നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. മിഥുന്റെ വീട്ടിലും സ്‌കൂളിലും താൻ പോയിരുന്നു. മരണവീട്ടിൽ പോയവരെ തടഞ്ഞ ചില രാഷ്ട്രീയ സംഘടനകളുടെ പ്രവൃത്തി അംഗീകരിക്കാവുന്നതല്ലെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സ്‌കൂളുകളിലെ സുരക്ഷാ പരിശോധനയെത്തുടർന്നുള്ള സ്ഥിതിഗതികൾ വിലയിരുത്താൻ ഓഗസ്റ്റ് 12 ന് രാവിലെ 10 ന് ശിക്ഷക് സദനിൽ വീണ്ടും വിദ്യാഭ്യാസ വകുപ്പിലെ ഉന്നതതല യോഗം ചേരും. സംസ്ഥാന തല സുരക്ഷാ ഓഡിറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ യോഗത്തിൽ വിലയിരുത്തും. എയ്ഡഡ് സ്‌കൂളുകളിലും പരിശോധന നടത്തും. അൺ എയ്ഡഡ് സ്‌കൂളുകളിലും തുടർന്ന് പരിശോധന നടത്തുന്നുണ്ട്. ചിലയിടത്ത് അൺ എയ്ഡഡ് സ്‌കൂളുകൾ വാടകയ്‌ക്കെടുത്ത് ഭീമമായ ഫീസും വാങ്ങി നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഇത് അനുവദിച്ചു കൊടുക്കാനാകില്ല. കുട്ടികളുടെ ജീവൻ വെച്ച് പന്താടുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കും. അക്കാര്യത്തിൽ ഒരു സംശയവും വേണ്ട. മിഥുന്റെ മരണത്തിൽ വീഴ്ച സംഭവിച്ച ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.