യുപിഎസ്.സി അംഗീകരിച്ച പോലീസ് മേധാവിപ്പട്ടികയില്‍ രണ്ടാമനാണ് റവാഡ ചന്ദ്രശേഖർ. കേന്ദ്ര അംഗീകാരത്തിനായി ഉന്നത ഉദ്യോഗസ്ഥരുടെ പട്ടിക കൈമാറിയ ശേഷം റവാഡ ചന്ദ്രശേഖർ മുഖ്യമന്ത്രിയെ കണ്ട് സംസ്ഥാന പോലീസ് മേധാവിയാകാനുള്ള താത്പര്യം അറിയിച്ചിരുന്നു. പട്ടികയില്‍നിന്ന് സ്വമേധയാ ഒഴിയാൻ റവാഡ ചന്ദ്രശേഖറിനുമേല്‍ സമ്മർദമുണ്ടായിരുന്നു എന്ന വാർത്തകള്‍ക്കിടെയാണ് അദ്ദേഹം കേരളത്തിലെത്തി മുഖ്യമന്ത്രിയെ കണ്ടത്.
കേന്ദ്ര ഇന്റലിജന്റ്സ് ബ്യൂറോയില്‍ സ്പെഷ്യല്‍ ഡയറക്ടറായ റവാഡ ചന്ദ്രശേഖറിനെ കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റില്‍ സുരക്ഷാസെക്രട്ടറിയായി നിയമിച്ചിരുന്നു. ഓഗസ്റ്റ് ഒന്നുമുതലായിരുന്നു ഈ നിയമനം. ഇതിനിടെയാണ് കേരളത്തില്‍ പോലീസ് മേധാവിയാകാനുള്ള താല്‍പര്യം അദ്ദേഹം അറിയിച്ചത് എന്നതും ശ്രദ്ധേയമായിരുന്നു.
എഡിജിപി എം.ആർ. അജിത്കുമാറിനെ അടുത്ത പോലീസ് മേധാവിയാക്കാനായിരുന്നു സർക്കാരിന് താല്‍പര്യം. അതനുസരിച്ചാണ് സർക്കാർ പട്ടിക നല്‍കിയിരുന്നതും. എന്നാല്‍, എം.ആർ. അജിത്കുമാറിന് 30 വർഷത്തെ സർവീസ് പൂർത്തിയായിട്ടില്ലെന്നും ഡിജിപിപദവിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് യുപിഎസ്സി പട്ടികയില്‍നിന്ന് ഒഴിവാക്കിയത്.
തലശ്ശേരി എഎസ്പി ആയാണ് റവാഡയുടെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പത്തനംതിട്ട എഎസ്പി, പാലക്കാട് ക്രൈം ബ്രാഞ്ച് എസ്പി, തിരുവനന്തപുരം പോലീസ് കമ്മിഷണർ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. കേന്ദ്ര ഡെപ്യൂട്ടേഷനില്‍നിന്ന് നേരേ പോലീസ് മേധാവി സ്ഥാനത്തെത്തുന്നയാള്‍ എന്നൊരു പ്രത്യേകതയും റവാഡയുടെ സ്ഥാനാരോഹണത്തിലുണ്ട്. ഐബിയില്‍ സ്പെഷ്യല്‍ ഡയറക്ടറായിരിക്കെയാണ് കേരളത്തിലേക്ക് വരുന്നത്.