അഹമ്മദാബാദ് വിമാന ദുരന്തം: മൂന്ന് മാസത്തിനകം അന്വേഷണ റിപ്പോർട്ട്, ഉന്നതതല സമിതി രൂപീകരിച്ച് കേന്ദ്രം

 

ന്യൂഡൽഹി: അഹമ്മദാബാദിൽ എയർ ഇന്ത്യ( Air India) വിമാനം തകർന്നുണ്ടായ അപകടത്തിൽ ഉന്നതതല മൾട്ടി-ഡിസിപ്ലിനറി കമ്മിറ്റി രൂപീകരിച്ച് കേന്ദ്രസർക്കാർ. അപകട കാരണം എന്തെന്ന് കണ്ടെത്തുന്നതിനൊപ്പം ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും കമ്മിറ്റി പരിശോധിക്കും.


ഫ്‌ലൈറ്റ് ഡാറ്റ, കോക്ക്പിറ്റ് വോയ്സ് റെക്കോർഡറുകൾ, എയർക്രാഫ്റ്റ് മെയിന്റനൻസ് റെക്കോർഡുകൾ, എടിസി ലോഗ്, സാക്ഷികളുടെ മൊഴികൾ എന്നിവയുൾപ്പെടെ എല്ലാ രേഖകളും സമിതി പരിശോധിക്കും. അന്വേഷണ റിപ്പോർട്ട് മൂന്ന് മാസത്തിനുള്ളിൽ സമർപ്പിക്കും.


കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായിരിക്കും കമ്മിറ്റിയുടെ തലവൻ. കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽ നിന്നുള്ള ജോയിന്റ് സെക്രട്ടറി റാങ്കിൽ കുറയാത്ത പ്രതിനിധികളെയും സമിതിയിലൽ ഉൾപ്പെടുത്തും. മെക്കാനിക്കൽ തകരാർ, മനുഷ്യ സംഭവ്യമായ പിഴവ്, കാലാവസ്ഥാ സാഹചര്യങ്ങൾ, മറ്റ് ലംഘനങ്ങൾ, മറ്റ് കാരണങ്ങൾ എന്നിവയുൾപ്പെടെയുള്ള ഘടകങ്ങളും സമിതി പരിശോധിക്കും.


അതേസമയം അപകടത്തിൽ മരിച്ചവരുടെ എണ്ണം 294 ആയി ഉയർന്നു. സമീപത്തെ കെട്ടിടത്തിൽ താമസിച്ചിരുന്ന കൂടുതൽ കൂടി മരിച്ചു എന്നതാണ് സ്ഥിരീകരിച്ചത്. അപകട സമയത്ത് ഹോസ്റ്റലിൽ ഉണ്ടായിരുന്ന 24 വിദ്യാർത്ഥികളും ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം തിരിച്ചറിഞ്ഞ ആറ് മൃതദേഹങ്ങളാണ് ഇതുവരെ ബന്ധുക്കൾക്ക് കൈമാറിയിട്ടുള്ളത്. മറ്റ് മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ഡിഎൻഎ പരിശോധന ഫലം വരുന്ന മുറയ്ക്ക് ബന്ധുക്കൾക്ക് കൈമാറും.

Previous Post Next Post