പാലക്കാട്: ശ്രീകൃഷ്ണപുരത്ത് സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഒൻപതാംക്ലാസ് വിദ്യാർഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൂന്ന് അധ്യാപകർക്ക് എതിരെ നടപടി. ശ്രീകൃഷ്ണപുരം സെയ്ന്റ് ഡൊമിനിക്‌സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പ്രിൻസിപ്പലുൾപ്പെടെ മൂന്ന് അധ്യാപകരെ മാനേജ്‌മെന്റ് പുറത്താക്കി. ഒൻപതാംക്ലാസ് വിദ്യാർഥിനി ആശിർനന്ദ (14)യുടെ മരണത്തിന് കാരണം സ്‌കൂളധികൃതരുടെ മാനസികപീഡനമാണെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. കുട്ടിയുടെ മരണത്തിന് പിന്നാലെ രക്ഷിതാക്കളും വിദ്യാർഥി, രാഷ്ട്രീയ സംഘടനാ പ്രവർത്തകരും പ്രതിഷേധവുമായി സ്‌കൂളിലെത്തിയിരുന്നു.
തിങ്കളാഴ്ച സ്‌കൂൾ വിട്ടുവന്നതിന് പിന്നാലെ ആയിരുന്നു ഒൻപതാംക്ലാസ് വിദ്യാർഥിനി ആശിർനന്ദയെ വീടിന്റെ രണ്ടാംനിലയിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മാർക്കിന്റെ അടിസ്ഥാനത്തിൽ കുട്ടിയെ ക്ലാസ് മാറ്റിയിരുന്നതായും ഇതേത്തുടർന്നുണ്ടായ മാനസികവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്നുമാണ് പരാതി. എന്നാൽ, ആരോപണം തള്ളി ശ്രീകൃഷ്ണപുരം സെയ്ന്റ് ഡൊമിനിക്‌സ് കോൺവെന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ മാനേജ്മെന്റ് കമ്മിറ്റി രംഗത്തെത്തി. വിദ്യാർഥികൾക്ക് മാനസികസംഘർഷമുണ്ടാകുന്ന ഒരു നടപടിയും സ്‌കൂളിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നാണ് മാനേജ്‌മെന്റിന്റെ വിശദീകരണം.
അതിനിടെ, ശ്രീക്യഷ്ണപുരം സെന്റ് ഡോമിനിക് എച്ച്. എസ്. എസിലെ സ്‌കൂൾ വിദ്യാർത്ഥിനിയെ അത്മഹത്യ ചെയ്ത സർക്കാർ തലത്തിൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സംഭവത്തിൽ ബന്ധപ്പെട്ട് പോലീസ് അന്വേഷണം നടക്കുകയാണ്. നിയമപരമായി ശക്തമായ നടപടികൾ ഉണ്ടാകും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വരുന്ന സ്‌കൂൾ അല്ലെങ്കിലും കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് സി ബി എസ് ഇ നടപടികൾ കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശക്തമായ നടപടികൾ ഉണ്ടാകണമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിലപാട് എന്നും മന്ത്രി പ്രസ്താവനയിൽ അറിയിച്ചു.