തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തിരുവനന്തപുരം, കൊല്ലം കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നിലവിൽ ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും നിലനിൽക്കുന്നു.
കേരളത്തിൽ ഞായറാഴ്ച രാവിലെ വരെ മഴ ശക്തമായി തുടരുമെന്നാണ് വിലയിരുത്തൽ. വടക്കൻ ജില്ലകളിൽ കണ്ണൂർ കാസർഗോഡ് വയനാട് ജില്ലകളിലും കോഴിക്കോട് മലപ്പുറം പാലക്കാട് ജില്ലകളുടെ കിഴക്കൻ മേഖലകൾ കേന്ദ്രീരിച്ചും മഴ ശക്തമാകുമെന്നാണ് റിപ്പോർട്ടുകൾ.
വയനാട് ഇന്നലെ രാത്രിയുൾപ്പെടെ മഴ ശക്തമായി തുടരുകയാണ്. ജില്ലയിലെ നദികൾ കരകവിഞ്ഞൊഴുകുന്ന നിലയാണ്. കനത്ത മഴയിൽ കല്ലൂർ പുഴ കരകവിഞ്ഞു. പുഴംകുനി ഉന്നതിയിൽ വെള്ളം കയറിയതിനെ തുടർന്ന് കുടുംബങ്ങളെ ക്യാംപിലേക്ക് മാറ്റി. കർണ്ണാടക വനമേഖലയിൽ ഉരുൾപൊട്ടലുകൾ ഉള്ളതായി സംശയിക്കുന്നതിനാലും കൂട്ടുപുഴ ഭാഗത്ത് പുഴയിലെ ജലനിരപ്പ് വർധിക്കുന്നതിനാലും പഴശ്ശി ബാരേജിലെ ഷട്ടറുകൾ ഏത് സമയവും ക്രമീകരിക്കേണ്ടി വരുന്നതിനാൽ വളപട്ടണം പുഴയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പഴശ്ശി ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.