വര്‍ഷങ്ങള്‍ക്കിപ്പുറം ജഗതി 'അമ്മ' യോഗത്തില്‍; മോഹൻലാലിനെ കണ്ടതോടെ പുഞ്ചിരിക്ക് നക്ഷത്രത്തിളക്കം.


താരസംഘടനയായ 'അമ്മ'യുടെ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കാനെത്തി നടൻ ജഗതി ശ്രീകുമാർ. നീണ്ട 13 വർഷത്തിനു ശേഷമാണ് അദ്ദേഹം അമ്മയുടെ ജനറല്‍ ബോഡി മീറ്റിങ്ങിനെത്തുന്നത്.

മകനൊപ്പം വീല്‍ ചെയറിലാണ് കലൂർ ഗോകുലം കണ്‍വെൻഷൻ സെന്ററില്‍ നടക്കുന്ന യോഗത്തിന് ജഗതി എത്തിയത്. മീറ്റിങ്ങിനെത്തിയ ജഗതി സഹപ്രവർത്തകരായ താരങ്ങളുടെ കുശലാന്വേഷണങ്ങള്‍ക്ക് ചിരിച്ചും തലകുലുക്കിയും പ്രതികരണം അറിയിച്ചു. പ്രിയപ്പെട്ട കൂട്ടുകാരൻ മോഹൻലാല്‍ എത്തി ചേർത്തുപിടിച്ചപ്പോള്‍ ആ പുഞ്ചിരിക്ക് മാറ്റേറി. ശേഷം ലാലിന്റെ കയ്യില്‍ കൈകോർത്ത് ആ വാക്കുകള്‍ക്ക് കാതോർത്തിരുന്നു.

അമ്മയുടെ 31-ാമത് ജനറല്‍ ബോഡി യോഗമാണ് കൊച്ചിയില്‍ നടക്കുന്നത്. മലയാള സിനിമയിലെ താരങ്ങളെല്ലാം മീറ്റിങ്ങിനെത്തിയിട്ടുണ്ട്. എങ്കിലും മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയുടെ അഭാവം ചടങ്ങിനുണ്ട്.

കഴിഞ്ഞ ഒരു വർഷമായി അഡ്ഹോക് കമ്മിറ്റിയായി പ്രവർത്തിക്കുന്ന സംഘടനയ്ക്ക് പുതിയ ഭാരവാഹികളെ കണ്ടെത്താനും കൂടിയാണ് ഇത്തവണത്തെ ജനറല്‍ ബോഡി യോഗം നടക്കുന്നത്. വോട്ടെടുപ്പ് ഒഴിവാക്കിയേക്കുമെന്നും പ്രസിഡന്റായി മോഹൻലാല്‍ തന്നെ എത്തുമെന്നുമാണ് സൂചന. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജ് എത്താനാണ് സാധ്യത. നിലവില്‍ അമ്മയുടെ ജോയിന്റ് സെക്രട്ടറിയാണ് ബാബുരാജ്.

Previous Post Next Post