'വാഹന പരിശോധന മാതൃകാ പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗം'; സഹകരിക്കണമെന്ന് കലക്ട്ര്‍

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായുള്ള പരിശോധനകളില്‍ പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസറും ജില്ലാ കലക്ടറുമായ(Collector ) വിആര്‍ വിനോദ്. ഷാഫി പറമ്പില്‍ എംപിയും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും സഞ്ചരിച്ച വാഹനം പരിശോധിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കു പിന്നാലെയാണ് കലക്ടറുടെ വിശദീകരണം. പരിശോധനയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നിരുന്നു.

'മാതൃകാ പെരുമാറ്റ ചട്ടംനടപ്പിലാക്കുന്നതിന്റെ ഭാഗമായി നിലമ്പൂര്‍ നിയമസഭാമണ്ഡലത്തില്‍ 10 സ്റ്റാറ്റിക് സര്‍വെയിലന്‍സ് ടീമുകള്‍, ഒമ്പത് ഫ്ളയിങ് സ്‌ക്വാഡുകള്‍, മൂന്ന് ആന്റി-ഡിഫേസ്‌മെന്റ് സ്‌ക്വാഡുകള്‍, രണ്ട് വിഡിയോ സര്‍വെയിലന്‍സ് ടീമുകള്‍ എന്നിവയും മറ്റ് സംവിധാനങ്ങളുമാണ് പ്രവര്‍ത്തിക്കുന്നത്. തെരഞ്ഞെടുപ്പ് നിയമപ്രകാരമുള്ള നിര്‍ബന്ധിതമായ ക്രമീകരണങ്ങളാണ് ഇവയും. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ നിര്‍ദ്ദേശപ്രകാരമുള്ളതുമാണ്' കലക്ടര്‍ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് സ്‌ക്വാഡുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. ഓരോ സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമിലും ഒരു ഗസറ്റഡ് ഓഫീസറും മറ്റ് രണ്ട് ഉദ്യോഗസ്ഥരും ഒരു വിഡിയോഗ്രാഫറും ഒരു സിവില്‍ പൊലീസ് ഓഫീസറുമാനുള്ളത്. സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകളുടെ ജീവനക്കാര്‍ക്ക് നല്‍കിയ ചുമതലകളില്‍ വാഹനങ്ങളിലെ സമഗ്ര പരിശോധന ഉള്‍പ്പെടുന്നു. പരിശോധനാ പ്രക്രിയ പൂര്‍ണ്ണമായും വിഡിയോയില്‍ പകര്‍ത്തുന്നുണ്ട്. തെരഞ്ഞെടുപ്പ് നടത്തിപ്പുമായിബന്ധപ്പെട്ട ഈ നിര്‍ബന്ധിത പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങളുടെ സഹകരണം അഭ്യര്‍ത്ഥിക്കുന്നതായും കലക്ടര്‍ അറിയിച്ചു.

Previous Post Next Post