മലപ്പുറം: മുസ്ലീം ലീഗിന്റെ പോഷക സംഘടനയായ കെഎംസിസിയുടെ പരിപാടിയിൽ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ സ്വതന്ത്ര സ്ഥാനാർഥിയായ പി വി അൻവറിന് ( P V Anvar) ക്ഷണം. തിരുവമ്പാടി പഞ്ചായത്തിൽ കെഎംസിസി സംഘടിപ്പിക്കുന്ന പരിപാടിയിലേക്കാണ് പി വി അൻവറിനെ ക്ഷണിച്ചത്.നാളെയാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനെതിരെ മത്സരിക്കുന്ന ഘട്ടത്തിൽ ഘടകകക്ഷിയായ ലീഗിന്റെ പോഷക സംഘടനയുടെ പരിപാടിക്ക് പി വി അൻവറിനെ ക്ഷണിച്ചിരിക്കുന്നത് രാഷ്ട്രീയരംഗത്ത് ചർച്ചയായിരിക്കുകയാണ്. പരിപാടിയുമായി ബന്ധമില്ലെന്നാണ് ലീഗ് നേതൃത്വം നൽകുന്ന വിശദീകരണം. കെഎംസിസി സംഘടിപ്പിക്കുന്ന ഹരിത ജീവനം 2025 എന്ന കുടുംബ സംഗമത്തിലേക്കാണ് പി വി അൻവറിനെ ക്ഷണിച്ചിരിക്കുന്നത്. ലീഗിന്റെ സംസ്ഥാന സെക്രട്ടറിമാരിൽ ഒരാളായ സി പി ചെറിയമുഹമ്മദ് ആണ് മുഖ്യാതിഥി. പരിപാടിയുടെ ഭാഗമായി ഇരുവരും ഉള്ള ഫ്‌ലക്‌സ് സ്ഥാപിക്കുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് വിവാദമായത്.
യുഡിഎഫിന്റെ ഭാഗമാകുമെന്ന് കരുതിയിരുന്ന ഘട്ടത്തിൽ ലീഗിന്റെ ചില പരിപാടികളിൽ പി വി അൻവർ പങ്കെടുത്തിരുന്നു. ആ സമയത്ത് സംഘടിപ്പിച്ച പരിപാടിയാണ് നാളെ നടക്കാൻ പോകുന്നത് എന്നാണ് ആദ്യ ഘട്ടത്തിൽ ലീഗിലെ ചില നേതാക്കൾ പ്രതികരിച്ചത്. എന്നാൽ സംഭവം വിവാദമായതോടെ പരിപാടിയുമായി ലീഗിന് ബന്ധമില്ലെന്നാന്ന് നേതൃത്വം വിശദീകരിക്കുന്നത്. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ആളുകളാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്. സിപി ചെറിയമുഹമ്മദ് അടക്കമുള്ള പ്രവർത്തകരോട് പരിപാടിയിൽ പങ്കെടുക്കരുത് എന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നേതൃത്വം വ്യക്തമാക്കി.