ശശി തരൂർ എവിടെപ്പോയി?, നിലമ്പൂരിൽ പ്രചാരണത്തിന് അടുപ്പിക്കാതെ കോൺഗ്രസ് നേതൃത്വം

തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ( Nilambur By Election 2025 ) സംസ്ഥാനത്തെ ഏതാണ്ട് മുഴുവൻ കോൺഗ്രസ് നേതാക്കളും യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്റെ പ്രചാരണത്തിന് എത്തിയപ്പോൾ, പ്രവർത്തകസമിതി അംഗവും തിരുവനന്തപുരം എംപിയുമായ ശശി തരൂരിന്റെ അസാന്നിധ്യം ശ്രദ്ധേയമാകുന്നു. സംസ്ഥാന കോൺഗ്രസിലെ താരമുഖമായ ശശി തരൂർ ( Shashi Tharoor ) ഒരിക്കൽ പോലും നിലമ്പൂരിൽ പ്രചാരണത്തിന് എത്തിയില്ല.


നിലമ്പൂരിൽ തെരഞ്ഞെടുപ്പ് വിജ്ഞാപനം ചെയ്ത മെയ് 26 മുതൽ ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ച ജൂൺ 17 വരെയുള്ള, 22 ദിവസമായി നടന്ന ആവേശകരമായ പ്രചാരണത്തിന്റെ ഭാഗമാകാൻ ശശി തരൂരിനെ കോൺഗ്രസ് സംസ്ഥാന നേതൃത്വമോ, പാർട്ടി ദേശീയ നേതൃത്വമോ സമീപിച്ചിട്ടില്ലെന്നാണ് സൂചന. തരൂരിന്റെ അസാന്നിധ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന്, 'ശശി തരൂർ നിലമ്പൂരിൽ വന്നില്ല' എന്നുമാത്രമാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചത്.


പാർട്ടി നേതൃത്വം തരൂരുമായി ബന്ധപ്പെട്ടിരുന്നോ എന്ന ചോദ്യത്തിന്, വിദേശ യാത്രയിലായിരുന്നതിനാൽ തരൂരുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. തരൂർ പ്രചാരണത്തിന് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നിലമ്പൂരിൽ അദ്ദേഹത്തെ കണ്ടില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. അതേസമയം, തരൂരിനെ പാർട്ടി സംസ്ഥാന നേതൃത്വമോ സ്ഥാനാർത്ഥിയോ ഒരിക്കലും സമീപിച്ചിട്ടില്ലെന്ന് തരൂരുമായി അടുത്ത നേതാക്കൾ പറഞ്ഞു.


ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട്, വിദേശ രാജ്യങ്ങൾ സന്ദർശിച്ച സർവകക്ഷി പ്രതിനിധി സംഘങ്ങളിലൊന്നിന്റെ തലവനായി തരൂരിനെ ഉൾപ്പെടുത്താനുള്ള നരേന്ദ്രമോദി സർക്കാരിന്റെ തീരുമാനത്തെച്ചൊല്ലി തരൂരും കോൺഗ്രസ് ദേശീയ നേതൃത്വവും തമ്മിലുള്ള തർക്കത്തിനിടയിലാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. തരൂരുമായി നല്ല ബന്ധം പുലർത്താത്ത ഗാന്ധി കുടുംബം കേന്ദ്രസർക്കാർ തീരുമാനത്തെ എതിർത്തിരുന്നു.


അതേസമയം തരൂർ കേന്ദ്രസർക്കാർ വാഗ്ദാനം പരസ്യമായി സ്വീകരിച്ചു. ഇതോടെ കേന്ദ്രത്തിന്റെ തീരുമാനം അംഗീകരിക്കാൻ കോൺഗ്രസ് ദേശീയനേതൃത്വം നിർബന്ധിതരാകുകയായിരുന്നു. 'മുതിർന്ന നേതാക്കളുമായി ചർച്ച ചെയ്ത ശേഷമാണ് തീരുമാനങ്ങൾ എടുക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അവകാശപ്പെടുന്നു. എന്നാൽ തരൂരിന്റെ കാര്യത്തിൽ അങ്ങനെയല്ല.' തരൂരിന്റെ അടുത്ത അനുയായി ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.


വിദേശപര്യടനം പൂർത്തിയാക്കി തരൂർ ജൂൺ 10 ന് ഇന്ത്യയിൽ മടങ്ങിയെത്തി. ജൂൺ 12 ന് ലണ്ടനിൽ ഒരു പരിപാടി ഉണ്ടായിരുന്നിട്ടും നിലമ്പൂരിൽ പ്രചാരണം നടത്താൻ തയ്യാറാണെന്ന് തരൂർ അറിയിച്ചിരുന്നു. 'കോൺഗ്രസ് നേതൃത്വമോ ആര്യാടൻ ഷൗക്കത്തോ തരൂരിനെ ക്ഷണിച്ചിരുന്നെങ്കിൽ, അദ്ദേഹം തീർച്ചയായും നിലമ്പൂരിലേക്ക് പോകുമായിരുന്നു. പക്ഷേ ആരും അദ്ദേഹത്തെ ബന്ധപ്പെട്ടിരുന്നില്ല. അദ്ദേഹത്തെ അവഗണിക്കുന്ന ഈ തന്ത്രം കുറച്ചുകാലമായി തുടരുന്നു.' തരൂരിന്റെ അനുയായി പറഞ്ഞു.


ആര്യാടൻ ഷൗക്കത്തിന് ശശി തരൂരുമായി നല്ല ബന്ധമുണ്ടായിരുന്നു. കെപിസിസി പ്രസിഡന്റായിരുന്ന മുഹമ്മദ് അബ്ദുർ റഹിമാൻ, മുൻമന്ത്രി ആര്യാടൻ മുഹമ്മദ് എന്നിവർ ഉയർത്തിപ്പിടിച്ച ദേശീയ മുസ്ലിം പാരമ്പര്യത്തിന്റെ പതാകാവാഹകനായാണ് ഷൗക്കത്തിനെ അദ്ദേഹം കണക്കാക്കിയിരുന്നത്. നിലമ്പൂർ സ്ഥാനാർത്ഥിത്വത്തിനായി ഷൗക്കത്തിനും വി എസ് ജോയിക്കും ഇടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായപ്പോഴും തരൂർ ഇടപെട്ടിരുന്നു.


പലസ്തീൻ അനുകൂല പരിപാടികൾ സംഘടിപ്പിച്ചതിന് ഷൗക്കത്തിനെതിരെ കോൺഗ്രസ് സംസ്ഥാന, ജില്ലാ ഘടകങ്ങൾ രംഗത്തുവന്നപ്പോൾ, തരൂർ ഷൗക്കത്തിനെ പരസ്യമായി പിന്തുണച്ചിരുന്നു. എന്നാൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിനുശേഷം ഷൗക്കത്ത് തരൂരുമായി ബന്ധപ്പെട്ടില്ലെന്നും കെപിസിസി ഭാരവാഹി പറഞ്ഞു.

Previous Post Next Post