കോഴിക്കോട്: ഒന്നരവർഷം മുൻപ് നടന്ന കൊലപാതകത്തിന്റെ ചുരുളഴിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ്. കാണാതായ വയനാട് സ്വദേശി ഹേമചന്ദ്രന്റെ മൃതദേഹം തമിഴ്‌നാട്ടിലെ ചേരമ്പാടി വനമേഖലയിൽ നിന്നും പൊലീസ് കണ്ടെത്തി. ഒന്നരവർഷം മുൻപ് സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രനെ കാണാനില്ലെന്ന പരാതിയിൽ മെഡിക്കൽ കോളജ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നത്. കോഴിക്കോട് മെഡിക്കൽ കോളജിനടുത്ത മായനാട് എന്ന സ്ഥലത്തായിരുന്നു ഹേമചന്ദ്രൻ വാടകയ്ക്ക് താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു
കേസുമായി ബന്ധപ്പെട്ട് മുന്നുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. അവരെ ചോദ്യം ചെയ്തപ്പോഴാണ് തമിഴ്‌നാട്ടലെ ചേരമ്പാടി എന്ന സ്ഥലത്തെ വനമേഖലയിൽ ഹേചന്ദ്രനെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചിട്ടതായി മൊഴി നൽകിയത്. തുടർന്ന് പ്രതികളുമായി പൊലീസ് നടത്തിയ തിരച്ചിലിനൊടുവിൽ ചേരമ്പാടിയിൽ വച്ച് മൃതദേഹം കണ്ടെത്തുകയും ചെയ്തു. വളരെ രഹസ്യമായിട്ടായിരുന്നു പൊലീസിന്റെ ഓപ്പറേഷൻ.
കൊല്ലപ്പെട്ട ഹേമചന്ദ്രൻ ചെറിയ രീതിയിൽ ചിട്ടികൾ നടത്തിയ ആളായിരുന്നെന്ന് പൊലീസ് പറയുന്നു. ഇതിന്റെ ഭാഗമായി ഹേമചന്ദ്രൻ പലർക്കും പണം നൽകാനുണ്ടായിരുന്നു. അതേ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പണം ലഭിക്കാനുള്ള ആളുകൾ ആവശ്യപ്പെട്ടതനുസരിച്ച് ഹേമചന്ദ്രൻ മെഡിക്കൽ കോളജിനടുത്തെത്തി. അതിനുശേഷം പഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും പണം തിരികെ നൽകുമെന്ന് ഹേമചന്ദ്രൻ പറയുകയും ചെയ്തു.
എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും പണം നൽകാൻ ഹേമചന്ദ്രന് കഴിഞ്ഞില്ല. തുടർന്ന് പണം ലഭിക്കാനുള്ള മൂന്ന് പേർ ഇയാളെ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുകയും അവിടെ ഒരു മുറിയിൽ പൂട്ടിയിട്ട് മർദിക്കുകയും ചെയ്തു. പിറ്റേദിവസം ഇവർ എത്തിയപ്പോൾ ഹേമചന്ദ്രനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അതിനുശേഷം മൃതദേഹം തമിഴ്‌നാട്ടിലേക്ക് ചേരമ്പാടിയിലെ വനമേഖലയിൽ കൊണ്ടുപോയി സംസ്‌കരിച്ചു. പൊലീസിനെ വഴി തെറ്റിക്കാനായി രാമചന്ദ്രന്റെ സിം മൂവരിൽ ഒരാൾ ഉപയോഗിക്കുകയും ചെയ്തു. ഈ സിം ഉപയോഗിച്ച് ഹേമചന്ദ്രന്റെ മകളെ ഫോണിൽ വിളിച്ച് താൻ മൈസൂരിലുണ്ടെന്ന് അറിയിക്കുയും ചെയ്തു.
അച്ഛൻ അവസാനമായി വിളിച്ചത് മൈസൂരിൽ നിന്നാണെന്ന് ഹേമചന്ദ്രന്റെ മകൾ പൊലീസിനെ അറിയിച്ചിരുന്നു. മൊബൈലിന്റെ സിഡിആർ അടക്കം പരിശോധിച്ച് നടത്തിയ അന്വഷണത്തിലാണ് പൊലീസ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. തുടക്കത്തിൽ നിഷേധിച്ചെങ്കിലും കൂടുതൽ ചോദ്യം ചെയ്തതോടെ കുറ്റകൃത്യം സമ്മതിക്കുകയായിരുന്നു. തുടർന്ന് കോഴിക്കോട് കലക്ടറുടെ അനുമതി തേടിയ ശേഷമാണ് പ്രതികളുമായി പൊലീസ് ചേരമ്പാടിയിൽ എത്തുകയും മൃതദേഹം കണ്ടെടുക്കുകയും ചെയ്തത്.