കോട്ടയം : റെഡ് ക്രോസ് പ്രവർത്തനമേഖലയിൽ രാജ്യത്ത് തന്നെ ആദ്യമായി ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി, കോട്ടയം ജില്ലാ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ദുരന്തമുഖങ്ങളിൽ ത്വരിത പ്രവർത്തനം നടത്തുവാനായി രൂപീകരിച്ച ക്വിക്ക് റെസ്പോൺസ് ടീമിന്റെ ആദ്യ ബാച്ച് പരിശീലനം പൂർത്തിയാക്കി. രണ്ട് ദിവസം നീണ്ടു നിന്ന പരിശീലന ക്യാമ്പിൽ വിവിധ സേനാ വിഭാഗങ്ങളുടെ ഉദ്യോഗസ്ഥർ അംഗങ്ങൾക്ക് പരിശീലനം നൽകി.
പോലീസ്, ഫയർ ഫോഴ്സ് തുടങ്ങിയ സേനാംഗങ്ങളോടൊപ്പം ഇനി മുതൽ റെഡ്ക്രോസിന്റെ ക്വിക്ക് റെസ്പോൺസ് ടീമും ദുരന്തമുഖങ്ങളിൽ രക്ഷാപ്രവർത്തനം നടത്താൻ ഉണ്ടാകും. ആദ്യ ബാച്ചിൽ 30ഓളം യുവതീ-യുവാക്കളാണ് പരിശീലനം നേടിയത്.
ജൂൺ 20ന് ആരംഭിച്ച പരിശീലന ശിബിരം, റെഡ് ക്രോസ് സ്റ്റേറ്റ് ബ്രാഞ്ച് ചെയർമാൻ അഡ്വ. കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഇന്ന് വൈകുന്നേരം നടന്ന സമാപന ചടങ്ങ് കോട്ടയം കലക്ടറും റെഡ് ക്രോസ് പ്രസിഡന്റുമായ ശ്രീ ജോൺ വി സാമുവൽ ഉദ്ഘാടനവും പരിശീലനം പൂർത്തിയാക്കിയ അംഗങ്ങൾക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
ശ്രീ സുമേഷ് കെ.എസ് (വൈസ് ചെയർമാൻ, IRCS കോട്ടയം ), ശ്രീ ബിനു കെ പവിത്രൻ (റവന്യു ജില്ലാ കോർഡിനേറ്റർ, IRCS കോട്ടയം), ശ്രീ പ്രിൻസ് വർഗീസ് (IRCS കോട്ടയം ജില്ലാ കമ്മിറ്റി അംഗം), ശ്രീ ഹരിപ്രസാദ് ജി (ട്രഷറർ, IRCS കോട്ടയം), ശ്രീ വി എ മോഹൻദാസ് ( കോട്ടയം താലൂക്ക് ചെയർമാൻ) എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ച് സംസാരിച്ചു.