വാല്‍പ്പാറയില്‍ പുലി പിടിച്ച നാലുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി; പകുതി ഭക്ഷിച്ച നിലയില്‍

തൃശൂര്‍: തമിഴ്നാട്ടിലെ വാല്‍പ്പാറയില്‍ പുലി പിടിച്ചുകൊണ്ടു പോയ നാലു വയസുകാരി മരിച്ചനിലയില്‍. ലയത്തില്‍ നിന്ന് 300 മീറ്റര്‍ അകലെ കാട്ടില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പകുതി ഭക്ഷിച്ച നിലയിലാണ് മൃതദേഹം.


വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ഇന്നലെ വൈകീട്ട് ആറോടെയാണ് കുട്ടിയെ പുലി ആക്രമിച്ചത്. ഝാര്‍ഖണ്ഡ് സ്വദേശികളായ മനോജ് ഗുപ്ത - മോനിക്ക ദേവി ദമ്പതികളുടെ മകള്‍ രജനിയെയാണ് പുലി പിടിച്ചത്. ഉടന്‍ തന്നെ കുട്ടിയെ കണ്ടെത്തുന്നതിനായി ഇന്നലെ രാത്രി വൈകിയവേളയിലും പ്രദേശത്ത് പൊലീസും ഫയര്‍ഫോഴ്സും വനംവകുപ്പും നാട്ടുകാരുടെ സഹായത്തോടെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇന്ന് രാവിലെ തിരച്ചില്‍ പുനരാരംഭിച്ചപ്പോഴാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.


പ്രത്യേക പരിശീലനം നേടിയ നായയെ സ്ഥലത്തെത്തിച്ചായിരുന്നു ഇന്നത്തെ തിരച്ചില്‍. നിരന്തരമായി പുലിയടക്കമുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള പ്രദേശമാണ് വാല്‍പ്പാറ.

Previous Post Next Post