'ഖമേനി ഒളിച്ചിരിക്കുന്നത് എവിടെയെന്ന് അറിയാം, തല്‍ക്കാലം വധിക്കുന്നില്ല'; നിരുപാധികം കീഴടങ്ങാന്‍ ഇറാനോട് ട്രംപ്

ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനി ( Ayatolla-Ali-Khamenei ) എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് അറിയാമെന്നും എളുപ്പം കൊല്ലാന്‍ കഴിയുമെങ്കിലും ഇപ്പോള്‍ അതുചെയ്യുന്നില്ലെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ( Donald Trump ).

വെറും വെടിനിര്‍ത്തലല്ല ആവശ്യം. ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തിന് യഥാര്‍ത്ഥ പര്യവസാനമാണ് വേണ്ടത്. ക്ഷമ നശിച്ചു കൊണ്ടിരിക്കുകയാണ്. നിരുപാധികം കീഴടങ്ങുന്നതാണ് ഇറാന് നല്ലതെന്നും ട്രംപ് 'ട്രൂത്ത് സോഷ്യലി'ല്‍ ആവശ്യപ്പെട്ടു.

ജനങ്ങള്‍ക്ക് നേരെ ഇറാന്‍ മിസൈലുകള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം. അമേരിക്കന്‍ പൗരന്മാരെയും സൈനികരെയും ലക്ഷ്യമിടരുതെന്നും ട്രംപ് ആവശ്യപ്പെട്ടു. ഇറാനെതിരായ ആക്രമണത്തില്‍ അമേരിക്ക പങ്കുചേരണമെന്ന് ആവശ്യപ്പെട്ട് ഇസ്രയേല്‍ സമ്മര്‍ദം ശക്തമാക്കുന്നതിനിടെയാണ് ട്രംപിന്റെ മുന്നറിയിപ്പ്. യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സിനെയോ ട്രംപിന്റെ മധ്യപൗരസ്ത്യപ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫിനെയോ ഇറാനുമായി ചര്‍ച്ചകള്‍ക്ക് ട്രംപ് നിയോഗിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അമേരിക്കയും ബ്രിട്ടനും പശ്ചിമേഷ്യയിലേക്ക് കൂടുതല്‍ യുദ്ധവിമാനങ്ങള്‍ അയച്ചിരിക്കുകയാണ്. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് പ്രത്യാക്രമണം ആരംഭിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇറാനെ ആക്രമിച്ച ഇസ്രയേലിന്റെ വ്യോമത്താവളങ്ങള്‍ ലക്ഷ്യമാക്കിയാണ് ആക്രമണങ്ങള്‍ നടത്തുന്നതെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സ് അറിയിച്ചു. ഹൈഫയിലും ടെല്‍ അവീവിലും ഉള്ള ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ഇറാന്‍ സേനാ മേധാവി ആവശ്യപ്പെട്ടു. ടെല്‍ അവീവിലെ മൊസാദ് കേന്ദ്രം ആക്രമിച്ചെന്ന് ഇറാന്‍ വ്യക്തമാക്കുന്നു. ടെഹ്‌റാനില്‍ നിന്നും ആളുകള്‍ ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ സൈന്യവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ ഇറാനില്‍ ശക്തമായ വ്യോമാക്രമണം നടത്തി. ടെഹ്‌റാനില്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്റെ ഉന്നത ജനറല്‍ അലി ഷദ്മാനിയെ വധിച്ചെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു. മിലിട്ടറി കമാന്‍ഡായ ഖതം അല്‍ അന്‍ബിയ സെന്‍ട്രല്‍ ഹെഡ്ക്വാട്ടേഴ്‌സിന്റെ മേധാവിയാണ് ഷദ്മാനി. വെള്ളിയാഴ്ച ഇസ്രയേല്‍ വധിച്ച മേജര്‍ ജനറല്‍ ഗുലാം അലി റഷീദിന്റെ പിന്‍ഗാമിയായാണ് ഇദ്ദേഹത്തെ നിയമിച്ചത്. എന്നാല്‍ ഷദ്മാനിയുടെ മരണം ഇറാന്‍ സ്ഥിരീകരിച്ചിട്ടില്ല. ആക്രമണത്തില്‍ പടിഞ്ഞാറന്‍ പ്രവിശ്യയായ ലൊറെസ്താനില്‍ 21 പേര്‍ കൊല്ലപ്പെട്ടു
Previous Post Next Post