കൊടകരയില്‍ ഇരുനിലം കെട്ടിടം ഇടിഞ്ഞുവീണ് രണ്ടുമരണം; മൂന്നാമത്തെ ആള്‍ക്കായി തിരച്ചില്‍

കനത്തമഴയില്‍ കൊടകരയില്‍ ഇരുനില കെട്ടിടം ഇടിഞ്ഞു വീണ് രണ്ടു ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. കെടിടാവിശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന മൂന്നാമത്തെ ആള്‍ക്കായി ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ബംഗാള്‍ സ്വദേശികളായ രൂപേലും രാഹുലുമാണ് മരിച്ചത്.


ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. പഴയ വീടിന്റെ മുന്‍ഭാഗമാണ് തകര്‍ന്നുവീണത്. ഈസമയത്ത് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്ന മൂന്ന് പശ്ചിമ ബംഗാള്‍ സ്വദേശികളാണ് കെട്ടിടാവിശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിയത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സും പൊലീസും കെട്ടിടാവിശിഷ്ടങ്ങള്‍ നീക്കി പുറത്തെടുക്കാനുള്ള ശ്രമത്തിനിടെയാണ് പരിക്കേറ്റ നിലയില്‍ രൂപേലിനെയും രാഹുലിനെയും കണ്ടെത്തിയത്. ഉടന്‍ തന്നെ തൊട്ടടുത്തുള്ള ശാന്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഇരുവരുടെയും മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റും.

തകര്‍ന്നുവീണ കോണ്‍ക്രീറ്റ് ബീമിന്റെ അടിയില്‍ ഇവര്‍ കുടുങ്ങുകയായിരുന്നു. കെട്ടിടത്തില്‍ 13 പേരാണ് താമസിച്ചിരുന്നത്. കാലത്ത് ജോലിക്ക് പോകാനായി തയ്യാറെടുക്കുന്നതിനിടെയാണ് മൂന്ന് പേരും അപകടത്തില്‍പ്പെട്ടത്. പഴയ കെട്ടിടത്തിന്റെ മേല്‍ക്കൂര ഓട് മേഞ്ഞ നിലയിലാണ്. പഴയ കെട്ടിടത്തിന്റെ മുന്‍വശം കോണ്‍ക്രീറ്റ് ചെയ്തിട്ടുണ്ട്. ഇതടക്കമാണ് തകര്‍ന്നുവീണത്.
Previous Post Next Post