കരിവെള്ളൂര്‍ ശിവക്ഷേത്ര കുളത്തില്‍ യുവാവ് മുങ്ങിമരിച്ചു. ഇടുക്കി ചെറുതോണി മണിപ്പാറ ചേനാറ്റില്‍ ഹൗസില്‍ അഖില്‍ അഗസ്റ്റിന്‍ (22) ആണ് മരിച്ചത്.
ചൊവ്വാഴ്ച വൈകുന്നേരം ആറ് മണിക്കാണ് സംഭവം. കരിവെള്ളൂര്‍ വടക്കെ മണക്കാട്ടെ സുഹൃത്തിന്റെ വീട്ടില്‍ എത്തിയതായിരുന്നു അഖില്‍.
പഠനകാലത്ത് ബെംഗളൂരുവിലെ ഹോസ്റ്റലില്‍ കൂടെയുണ്ടായിരുന്നവര്‍ കരിവെള്ളൂരിലെ സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു. വൈകുന്നേരം 5.30-ഓടെ ആറ് കൂട്ടുകാരോടൊത്ത് ക്ഷേത്രകുളത്തില്‍ കുളിക്കാന്‍ ഇറങ്ങി. ഇതിനിടയില്‍ അഖില്‍ വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു.
ഏറെനേരം കാണാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് അഖിലിനെ കണ്ടെത്തിയത്. തുടര്‍ന്ന് പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അച്ഛന്‍: റെജി, അമ്മ: സോഫി. പയ്യന്നൂര്‍ പൊലീസ് സ്ഥലത്തെത്തി. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.