കൊച്ചി: സ്വകാര്യ പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്ക് ഉപയോഗിക്കാൻ ആകില്ലെന്ന് കേരള ഹൈക്കോടതി. പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതു സംവിധാനമായി കാണാനാകില്ല. ഇത് പമ്പിലെത്തുന്ന ഉപഭോക്താക്കൾക്കുള്ളതാണ് എന്നും ( Kerala high court) ജസ്റ്റിസ് സിഎസ് ഡയസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. പെട്രോളിയം ട്രേഡേഴ്‌സ് ആൻഡ് ലീഗൽ സർവ്വീസ് സൊസൈറ്റിയുടെ ഹർജിയിലാണ് നടപടി.
ശുചിമുറി വിഷയത്തിൽ തിരുവനന്തപുരം മുൻസിപ്പൽ കോർപറേഷൻ, സംസ്ഥാന സർക്കാർ എന്നിവർ പുറത്തിറക്കിയ ഉത്തരവ് ചോദ്യം ചെയ്തായിരുന്നു സംഘടന കോടതിയെ സമീപിച്ചത്. ഉപഭോക്താക്കളുടെ അത്യാവശ്യത്തിനായാണ് പമ്പുടമകൾ സ്വന്തം ചെലവിൽ ശുചിമുറികൾ നിർമ്മിച്ച് പരിപാലിക്കുന്നത്. വലിയ രീതിയിൽ പൊതുജനം ഈ സേവനം ഉപയോഗിക്കാൻ ശ്രമിക്കുന്നത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്നായിരുന്നു ഹർജിക്കാരുടെ വാദം. ഇത് അംഗീകരിച്ച കോടതി പെട്രോൾ പമ്പുകളിലെ ശുചിമുറികൾ പൊതുജനത്തിന് ഉപയോഗിക്കാൻ അനുവദിക്കണം എന്ന് നിർദേശിക്കാൻ കഴിയില്ലെന്ന് നിലപാട് എടുക്കുകയായിരുന്നു. സ്വച്ഛ് ഭാരത് മിഷന് കീഴിൽ പൊതു ശുചിമുറികൾ നിർമ്മിക്കണം എന്ന് ഈ ഹർജി പരിഗണിക്കുന്നതിനിടെ നേരത്തെ തന്നെ തിരുവനന്തപുരം മുൻസിപ്പൽ കോർപ്പറേഷന് കോടതി നിർദ്ദേശം നൽകിയിരുന്നു.
പമ്പുകളിലെ ശുചിമുറി ഉപയോഗം ഇന്ധനം നിറയ്ക്കുന്ന വാഹനങ്ങളിലെ ആളുകൾക്ക് മാത്രമായി നിയന്ത്രിക്കണമെന്നായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം. പെട്രോൾ പമ്പുകളിൽ നിർമ്മിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ടൊയ്റ്റുലറ്റുകൾ ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 300 എ പ്രകാരം സംരക്ഷണം ലഭിക്കേണ്ട സ്വകാര്യ സ്വത്തിൽ ഉൾപ്പെടുന്നതാണ്. 2002 ലെ പെട്രോളിയം ആക്ട്, പെട്രോളിയം റൂൾസ് എന്നിവയിലെ പ്രത്യേക വ്യവസ്ഥകൾ പ്രകാരം ശുചിമുറികൾ പൊതുജനങ്ങൾക്ക് ഉപയോഗിക്കുന്നതിനായി പൊതു ടോയ്ലറ്റുകളായി പരിവർത്തനം ചെയ്യാനോ ചിത്രീകരിക്കാനോ അധികാരികൾക്ക് അധികാരമില്ലെന്ന് ഉത്തരവിറക്കണം എന്നും ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു.