എം ആര്‍ അജിത് കുമാറും മനോജ് എബ്രഹാമും ഇല്ല; പൊലീസ് മേധാവി ചുരുക്കപ്പട്ടികയായി

ന്യൂഡൽഹി: സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് മൂന്നുപേരുടെ ചുരുക്കപ്പട്ടിക യുപിഎസ് സി തയ്യാറാക്കി. സംസ്ഥാനത്തെ ഏറ്റവും സീനിയർ ഐപിഎസ് ഉദ്യോഗസ്ഥരായ നിതിൻ അഗർവാൾ, റവാഡ ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത എന്നിവരാണ് അന്തിമ പട്ടികയിൽ ഇടംപിടിച്ചത്. യുപിഎസ് സി അംഗീകരിച്ച മൂന്നംഗ പട്ടിക സംസ്ഥാന സർക്കാരിന് കൈമാറും. ഇതിൽ നിന്നും ഒരാളെ സർക്കാരിന് അടുത്ത പൊലീസ് മേധാവിയായി നിയമിക്കാം. നിലവിലെ പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് ഈ മാസം 30 ന് വിരമിക്കും.


എഡിജിപി എം ആർ അജിത് കുമാറിനെ പരിഗണിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം യുപി എസ് സി തള്ളി. ഡിജിപി റാങ്കിൽ കുറഞ്ഞവരെ പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കാനാവില്ലെന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ മുമ്പ് എഡിജിപിയായിരുന്ന അനിൽകാന്തിനെ പൊലീസ് മേധാവിയാക്കിയ കാര്യവും സംസ്ഥാന സർക്കാർ കത്തിൽ ചൂണ്ടിക്കാട്ടിയെങ്കിലും കേന്ദ്രം അത് മുഖവിലയ്‌ക്കെടുത്തില്ല. സംസ്ഥാന സർക്കാർ അയച്ച ആറംഗ പട്ടികയിലെ ആദ്യ മൂന്നുപേരുകാരെ തന്നെ യുപിഎസ് സി യോഗം ഷോർട്ട് ലിസ്റ്റ് ചെയ്ത് അയക്കുകയായിരുന്നു.


നിതിൻ അഗർവാൾ, റവാഡ ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത, മനോജ് എബ്രഹാം, സുരേഷ് രാജ് പുരോഹിത്, എം ആർ അജിത് കുമാർ എന്നിവരാണ് സർക്കാർ അയച്ച പട്ടികയിൽ ഇടംനേടിയിരുന്നത്. പട്ടികയിൽ നാലാമതുള്ള മനോജ് എബ്രഹാമിനെ പരിഗണിക്കാവുന്നതാണെന്ന് കേരളത്തിൽ നിന്നും യുപിഎസ് സി യോഗത്തിൽ പങ്കെടുത്ത ചീഫ് സെക്രട്ടറിയും, നിലവിലെ പൊലീസ് മേധാവിയും യോഗത്തിൽ നിർദേശം വെച്ചതായി റിപ്പോർട്ടുകളുണ്ട്. മനോജ് എബ്രഹാം ഏറെക്കാലം ക്രമസമാധാന ചുമതല വഹിച്ചിരുന്നു എന്നതാണ് ഇവർ ചൂണ്ടിക്കാട്ടിയത്. എന്നാൽ യുപിഎസ് സി യോഗം മനോജ് എബ്രഹാമിനെയും പരിഗണിച്ചില്ല.


ആറംഗ പട്ടികയിലെ ആദ്യ പേരുകാരായ മൂന്ന് സീനിയർ ഉദ്യോഗസ്ഥരും പൊലീസ് മേധാവിയാകാൻ യോഗ്യരാണെന്ന് യുപിഎസ് സി യോഗം വിലയിരുത്തി. നിതിൻ അഗർവാളും രവാഡ ചന്ദ്രശേഖറും കുറേക്കാലം കേന്ദ്ര ഡെപ്യൂട്ടേഷനിലായിരുന്നു എന്നത് പൊലീസ് മേധാവിയാകാൻ തടസ്സമല്ലെന്നും യോഗം വിലയിരുത്തി. നിലവിൽ ഫയർഫോഴ്‌സ് മേധാവിയായ യോഗേഷ് ഗുപ്ത സർക്കാരിന് അനഭിമതനാണ്. വിജിലൻസ് ഡയറക്ടറായിരിക്കെ സിപിഎം നേതാവ് പി പി ദിവ്യക്കെതിരെ അന്വേഷണത്തിന് നിർദേശം നൽകിയതും, മുൻ ചീഫ് സെക്രട്ടറി കെ എം എബ്രഹാമിനെതിരായ വിജിലൻസ് കേസ് ഫയലുകൾ സിബിഐക്ക് കൈമാറിയതുമാണ് സർക്കാരിന്റെ അപ്രീതിക്ക് കാരണമായത്.


ഇതേത്തുടർന്നാണ് യോഗേഷ് ഗുപ്തയെ വിജിലൻസ് ഡയറക്ടർ സ്ഥാനത്തു നിന്നും മാറ്റുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്താണ് യോഗേഷ് ഗുപ്ത കൂടുതലും ഇരുന്നിട്ടുള്ളതെന്നും സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. രവാഡ ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത എന്നിവരോട് പൊലീസ് മേധാവി മത്സരത്തിൽ നിന്നും പിന്മാറാൻ സമ്മർദ്ദം ചെലുത്തിയിരുന്നതായും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. യോഗേഷ് ഗുപ്തയ്ക്ക് കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോകാൻ ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകണമെന്ന് ആവശ്യപ്പെട്ട്, കഴിഞ്ഞ ഒന്നര മാസത്തിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം എട്ടു തവണ കത്തു നൽകിയെങ്കിലും ഇതുവരെ സർക്കാർ സർട്ടിഫിക്കറ്റ് നൽകിയിട്ടില്ല.


നിലവിൽ ഗതാഗത കമ്മീഷണറാണ് പട്ടികയിലെ ആദ്യ പേരുകാരനായ നിതിൻ അഗർവാൾ. ഡൽഹി സ്വദേശിയായ നിതിൻ 1989 ബാച്ച് ഐപിഎസ് ഓഫീസറാണ്. ബിഎസ്എഫ് മേധാവിയായിരുന്ന നിതിൻ അഗർവാൾ അടുത്തകാലത്താണ് കേരളത്തിലേക്ക് തിരിച്ചെത്തിയത്. 1991 ബാച്ച് ഐപിഎസ് ഓഫീസറാണ് രണ്ടാമത്തെ പേരുകാരനായ രവാഡ ചന്ദ്രശേഖർ. നിലവിൽ ഐബിയിൽ സ്‌പെഷൽ ഡയറക്ടറാണ് രവാഡ. 1993 ബാച്ച് ഐപിഎസ് ഓഫീസറാണ് യുപിഎസ് സി അംഗീകരിച്ച ചുരുക്കപ്പട്ടികയിൽ മൂന്നാമതുള്ള യോഗേഷ് ഗുപ്ത.


യുപിഎസ് സി അം​ഗീകരിച്ച പട്ടികയിലുള്ളവരില്‍ നിതിന്‍ അഗര്‍വാള്‍, രവാഡ ചന്ദ്രശേഖര്‍ എന്നിവരിലൊള്‍ക്കാണ് പൊലീസ് മേധാവി പദവിയിലേക്ക് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ സമര്‍പ്പിച്ച ആറംഗ പട്ടികയിലെ അഞ്ചാമനായ സുരേഷ് രാജ് പുരോഹിത്, പ്രധാനമന്ത്രിയുടെ സുരക്ഷാചുമതലയുള്ള എസ്പിജിയുടെ ഡെപ്യൂട്ടി ഡയറക്ടറാണ്. നിതിനും രവാഡയും അടുത്ത വര്‍ഷം സര്‍വീസില്‍ നിന്നും വിരമിക്കും. പൊലീസ് മേധാവിയായി നിയമിക്കപ്പെടുന്നയാള്‍ക്ക് ഒരു വര്‍ഷം കൂടി സര്‍വീസില്‍ തുടരാനാകും.

Previous Post Next Post