ബംഗളൂരു ദുരന്തം: കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനില്‍ രാജി, സെക്രട്ടറിയും ട്രഷററും പുറത്തേക്ക്

ബെംഗളൂരു: റോയൽ ചലഞ്ചേഴ്സ് ബംഗളൂരു (ആർസിബി) ടീമിന്റെ ഐപിഎൽ വിജയാഘോഷത്തിനിടെ ഉണ്ടായ ദുരന്തത്തിൽ (Bengaluru stampede ) കർണാടക ക്രിക്കറ്റ് അസോസിയേഷനിൽ (കെഎസ്‌സിഎ) രാജി. സെക്രട്ടറി എ ശങ്കർ, ട്രഷറർ ഇ സ് ജയറാം എന്നിവരാണ് രാജി വച്ചത്. ദുരന്തത്തിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നു എന്ന് വ്യക്തമാക്കിയാണ് ഇരുവരും രാജി സമർപ്പിച്ചത്.


ശനിയാഴ്ച പുറത്തിറക്കിയ സംയുക്ത പത്രക്കുറിപ്പിലൂടെയാണ് ഇരുവരും തീരുമാനം പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച കെഎസ്സിഎ പ്രസിഡന്റിന് രാജി സമർപ്പിച്ചതായും ശങ്കറും ശ്രീറാമും പത്രക്കുറിപ്പിൽ പറഞ്ഞു. എന്നാൽ രാജി വാർത്ത കർണാടക ക്രിക്കറ്റ് അസോസിയേഷൻ സ്ഥിരീകരിച്ചിട്ടില്ല.


ജൂൺ മൂന്നിന് നടന്ന ഐപിഎൽ ഫൈനൽ മത്സരത്തിന് പിന്നാലെ നാലാം തീയതി ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച വിജയാഘോഷമാണ് ദുരന്തത്തിൽ കലാശിച്ചത്. താരങ്ങളെ കാത്തുനിന്ന ആരാധകർക്കിടയിലുണ്ടായ തിക്കിലുംതിരക്കിലും 11 പേർക്കാണ് ജീവൻ നഷ്ടമായത്. 47 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.


സംഭവത്തിൽ, കർണാകടക ക്രിക്കറ്റ് അസോസിയേഷൻ, ആർസിബി മാനേജ്‌മെന്റ്, കർണാടക സർക്കാർ എന്നിവർക്ക് എതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നത്. മതിയായ മുന്നൊരുക്കങ്ങളില്ലാതെ ലക്ഷക്കണത്തിന് ആളുകളെ പങ്കെടുപ്പിച്ച് ആഘോഷം നടത്തി എന്നാണ് പ്രധാന വിമർശനം. അപകടത്തിന്റെ പശ്ചാത്തലത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ടീമിന്റെ മാർക്കറ്റിങ് തലവൻ നിഖിൽ സോസലുൾൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുംബൈയിലേക്ക് പോകുന്നതിനിടെ ബംഗളൂരു വിമാനത്താവളത്തിൽ വച്ചാണ് നിഖിൽ പിടിയിലായത്.


വിക്ടറി പരേഡ് സംഘാടകരായ ഡിഎൻഎ എന്റർടെയ്ൻമെന്റ് നെറ്റ്വർക്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മൂന്ന് ജീവനക്കാരേയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഈ കമ്പനിയേയും ആർസിബി, കർണാടക ക്രിക്കറ്റ് അസോസിയേഷൻ എന്നിവരെ പ്രതികളാക്കി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്

Previous Post Next Post