ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിലേക്ക് വെളിച്ചം വീശുന്ന ബ്ലാക് ബോക്‌സ് വിവരങ്ങൾ ലഭിച്ച് തുടങ്ങിയതായി വ്യോമയാന മന്ത്രാലയം. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നിർണായക വിവരങ്ങൾ പുറത്തുവരുന്നത്. വിമാനത്തിന്റെ ഒരു ബ്ലാക് ബോക്സിൽ നിന്നുള്ള ക്രാഷ് പ്രൊട്ടക്ഷൻ മൊഡ്യൂളിലെ വിവരങ്ങൾ ഇതിനോടകം ശേഖരിച്ചിട്ടുണ്ട്. ജൂൺ 25 ന് എഎഐബി ലബോറട്ടറിയിൽ മെമ്മറി മൊഡ്യൂൾ ആക്സസ് ചെയ്യുകയും ഡാറ്റ ഡൗൺലോഡ് ചെയ്യുകയും ചെയ്തതായും ഡിജിസിഎ അറിയിച്ചു. കോക്ക്പിറ്റ് വോയ്സ് റെക്കോർഡർ (സിവിആർ), ഫ്‌ലൈറ്റ് ഡാറ്റ റെക്കോർഡർ (എഫ്ഡിആർ) എന്നിവയുടെ വിശകലനം പുരോഗമിക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു.
അതേസമയം, എഎഐബി ഡയറക്ടർ ജനറലിന്റെ നേതൃത്വത്തിലുള്ള മൾട്ടി-ഡിസിപ്ലിനറി സംഘം വിഷയത്തിൽ സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണ് എന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു. ജൂൺ 13 ന് തന്നെ ഉന്നതല സംഘം നടപടി ആരംഭിച്ചിരുന്നു. 'വിമാനം അപകടത്തിൽപ്പെടുന്നതിന്റെ തൊട്ടുമുൻപുള്ള സമയത്ത് എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തുക, അപകടത്തിലേക്ക് നയിച്ച കാരണം, വ്യോമയാന സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ഭാവിയിൽ ഇത്തരം സംഭവങ്ങൾ തടയുന്നതിനുമുള്ള നടപടികൾ ശുപാർശ ചെയ്യുക എന്നിവയാണ് അന്വേഷണത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.
എഎഐബി ഡയറക്ടർ ജനറലിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ഏവിയേഷൻ മെഡിസിൻ, എയർ ട്രാഫിക് കൺട്രോൾ വിദഗ്ദരും യുഎസ് നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡിലെ സാങ്കേതിക വിദഗ്ധർ എന്നിവരും ഉൾപ്പെടുന്നു. തകർന്ന എയർ ഇന്ത്യ വിമാനം യുഎസ് നിർമിതമാണെന്നതിനാലാണ് ഈ സംഘത്തെ അന്വേഷണത്തിന്റെ ഭാഗമാക്കിയത്.