ഇസ്രയേലിനൊപ്പം ചേർന്ന് തങ്ങളെ ആക്രമിച്ച അമേരിക്കക്കുള്ള തിരിച്ചടിയായി ഖത്തറിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിന് പിന്നാലെ വ്യോമ ഗതാഗതം താറുമാറായി.
'ബഷാരത് അല്‍ ഫത്തേ' എന്ന് പേരിട്ടുള്ള അമേരിക്കക്കെതിരായ ഇറാന്‍റെ ഓപ്പറേഷന് പിന്നാലെ ഗള്‍ഫ് രാജ്യങ്ങള്‍ ഒന്നൊന്നായി വ്യോമപാത അടച്ചതോടെയാണ് ആഗോളതലത്തില്‍ വ്യോമഗതാഗതം താറുമാറായത്. ആദ്യം തന്നെ ഖത്തറും പിന്നാലെ കുവൈറ്റ്, ബഹ്റൈൻ, യുഎഇ, ഇറാഖ് രാജ്യങ്ങളും വ്യോമപാത താത്കാലികമായി അടയ്ക്കുകയായിരുന്നു. ഇത് ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട്.
അമേരിക്കക്കെതിരായ ഇറാന്‍റെ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ഖത്തർ വ്യോമപാത താത്കാലികമായി അടയ്ക്കുകയാണെന്ന് അധികൃതർ അറിയിക്കുകയായിരുന്നു. വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി ഖത്തർ വ്യക്തമാക്കി. രാജ്യത്തെ സുരക്ഷാ സ്ഥിതി ഭദ്രമാണെന്ന് ഖത്തർ വ്യക്തമാക്കി. സ്ഥിതിഗതികള്‍ സൂക്ഷമമായി നിരീക്ഷിക്കുന്നതായും കൃത്യമായി മുന്നറിയിപ്പുകള്‍ മുൻകൂട്ടി നല്‍കുമെന്നും പ്രവാസികളോടും സന്ദർശകരോടും പൗരന്മാരോടും ഖത്തർ അറിയിച്ചു.
രാജ്യത്തിന്‍റെ സുരക്ഷയും സുരക്ഷിതത്വവും കണക്കിലെടുത്ത് വ്യോമ പാത അടയ്ക്കുന്നുവെന്നാണ് കുവൈറ്റ് അറിയിച്ചത്. നിരവധി അയല്‍ രാജ്യങ്ങളില്‍ വിമാനത്താവളങ്ങളും വ്യോമാതിർത്തിയും അടച്ചുപൂട്ടുന്നത് ഉള്‍പ്പെടെയുള്ള മുൻകരുതല്‍ നടപടികള്‍ കണക്കിലെടുത്ത്, മുൻകരുതല്‍ നടപടിയായി തങ്ങളുടെ വ്യോമാതിർത്തി താല്‍ക്കാലികമായി അടച്ചുപൂട്ടുന്നതായി കുവൈറ്റ് പ്രഖ്യാപിച്ചു. ഇന്ന് മുതല്‍ ഒരറിയിപ്പുണ്ടാകുന്നതുവരെ ഇത് നിലനില്‍ക്കും എന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ പ്രഖ്യാപിച്ചു. പ്രാദേശിക സംഭവവികാസങ്ങളുടെ വെളിച്ചത്തില്‍ ഏറ്റവും ഉയർന്ന സുരക്ഷയും സുരക്ഷിതത്വവും നിലനിർത്തുന്നതിന്റെ ചട്ടക്കൂടിനുള്ളിലാണ് ഈ തീരുമാനം എന്ന് ബന്ധപ്പെട്ട അധികാരികള്‍ സ്ഥിരീകരിച്ചു. കൂടാതെ സംഭവവികാസങ്ങള്‍ നിരീക്ഷിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനും ബന്ധപ്പെട്ട പ്രാദേശിക, അന്തർദേശീയ അധികാരികളുമായി ഏകോപനം തുടരുകയാനിന്നും അധികൃതർ വാർത്താക്കുറിപ്പില്‍ അറിയിച്ചു.
അതേസമയം ഖത്തറിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെ ആക്രമണം നടത്തിയതിന് പിന്നാലെ നിലപാട് വ്യക്തമാക്കി ഇറാൻ രംഗത്തെത്തി. ഖത്തറല്ല, അമേരിക്കക്കുള്ള തിരിച്ചടിയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ഇറാൻ വ്യക്തമാക്കിയത്. അല്‍ ഉദൈദ് വ്യോമതാവളത്തിന് നേരെയുള്ള മിസൈല്‍ ആക്രമണം ഖത്തറിലെ ജനവാസ മേഖലകളില്‍ നിന്ന് വളരെ അകലെയാണെന്നാണ് ഇറാനിയൻ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്‍റെ വിശദീകരണം. ഈ നടപടി സൗഹൃദവും സഹോദരതുല്യവുമായ രാജ്യമായ ഖത്തറിനും അവിടുത്തെ ജനങ്ങള്‍ക്കും ഒരു ഭീഷണിയും ഉയർത്തുന്നതല്ലെന്നും അമേരിക്കക്കുള്ള തിരിച്ചടി മാത്രമായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും ഇറാൻ വിശദീകരിച്ചു.
ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ഖത്തറുമായുള്ള ഊഷ്മളവും ചരിത്രപരവുമായ ബന്ധം നിലനിർത്തുന്നതിനും തുടരുന്നതിനും പ്രതിജ്ഞാബദ്ധമാണ് എന്നും ഇറാനിയൻ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ പ്രസ്താവനയില്‍ പറഞ്ഞു. ഖത്തറിലെ അല്‍ ഉദൈദ് സൈനിക താവളത്തിലേക്കാണ് ഇറാൻ മിസൈല്‍ ആക്രമണം നടത്തിയത്. പിന്നാലെ അമേരിക്കയ്ക്കെതിരെ സൈനിക നടപടി തുടങ്ങിയെന്നും ഇറാൻ വ്യക്തമാക്കി. ഖത്തറിലെ അല്‍ ഉദൈദ് സൈനിക താവളമാണ് ഇറാൻ ലക്ഷ്യമിട്ടത്. മിസൈലുകളെല്ലാം തകർത്തതായി ഖത്തർ വ്യക്തമാക്കി. ആക്രമണത്തെ ഖത്തർ അപലപിച്ചു. വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഫലപ്രദമായി പ്രവർത്തിച്ചു എന്നും ഖത്തർ അറിയിച്ചു.