കാസർകോട്: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച ഡെപ്യൂട്ടി തഹസിൽദാറെ പിരിച്ചുവിടാൻ ശുപാർശ. വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസിൽദാറായ എ പവിത്രനെയാണ് പിരിച്ചുവിടാൻ ജില്ലാ കലക്ടർ കെ ഇമ്പശേഖർ ശുപാർശ നൽകിയത്. ശുപാർശ കത്ത് റവന്യു വകുപ്പിന് കൈമാറി.
തുടർച്ചയായ അച്ചടക്ക ലംഘനം ഉണ്ടായ സാഹചര്യത്തിലാണ് തീരുമാനം. ഇതിനു മുമ്പ് നിരവധി മുന്നറിയിപ്പുകളും താക്കീതുകളും ഇയാൾക്ക് നൽകിയിട്ടുണ്ട്. നിരവധി നടപടികൾക്ക് വിധേയനായിട്ടും നിരന്തരമായി റവന്യു വകുപ്പിനും സർക്കാരിനും അപകീർത്തി ഉണ്ടാക്കുന്ന പ്രവൃത്തികൾ ആവർത്തിച്ച് വരുന്നതിനാലാണ് പവിത്രനെ സർവീസിൽ നിന്ന് പിരിച്ചു വിടണം എന്ന ശുപാർശ ജില്ലാ കലക്ടർ സർക്കാരിന് നൽകിയ കത്തിൽ ഉൾപ്പെടുത്തിയത്.
ഹീനമായ നടപടിയെന്ന് മന്ത്രി കെ രാജനും മനുഷ്യത്വരഹിത നടപടി എന്ന് മന്ത്രി വീണാ ജോർജും വിഷയത്തിൽ പ്രതികരിച്ചിരുന്നു. രഞ്ജിതയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിന് പവിത്രനെ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. വിമാനാപകടത്തിലെ അനുശോചന പോസ്റ്റിന് താഴെയായിരുന്നു പവിത്രൻ മോശമായ കമന്റിട്ടത്. അധിക്ഷേപ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പവിത്രൻ മുമ്പും പലരെയും അധിക്ഷേപിച്ചിരുന്നതായി പരാതികൾ ഉയർന്നിരുന്നു. മുൻമന്ത്രിയും എംഎൽഎയുമായ ഇ ചന്ദ്രശേഖരനെ അധിക്ഷേപിച്ചതിന് കഴിഞ്ഞ സെപ്റ്റംബറിൽ പവിത്രനെ സസ്‌പെൻഡ് ചെയ്തിരുന്നു.