മെസി എത്തും; അര്‍ജന്റീന ടീം കേരളത്തിലേക്ക്; സ്ഥിരീകരിച്ച്‌ കായിക മന്ത്രി

ലോക ചാംപ്യന്‍മാരായ അര്‍ജന്റീന ടീം കേരളത്തിലെത്തുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍. ക്യാപ്റ്റന്‍ മെസി (Lionel Messi )യും അര്‍ജന്റീന ടീമിന്റെ ഭാഗമായി എത്തുമെന്ന് മന്ത്രി സാമൂഹികമാധ്യമത്തില്‍ കുറിച്ചു.

അര്‍ന്റീന ടീം കേരളത്തിലെത്തുന്നത് എപ്പോഴാണെന്ന കാര്യത്തില്‍ മന്ത്രി സ്ഥിരീകരിച്ചിട്ടില്ല. മെസി എത്തുന്ന കാര്യത്തില്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് കായിക മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. സ്‌പോണസര്‍മാര്‍ പണമടയ്ക്കാമെന്നറിയിച്ചിട്ടുണ്ടെന്നും കേരളത്തില്‍ കളിക്കാന്‍ അര്‍ജന്റീന ടീമിന് താത്പര്യമുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.

അര്‍ജന്റീന ടീമുമായി ബന്ധപ്പെട്ടതായും എന്തെങ്കിലും പ്രശ്‌നമുള്ളതായി അവര്‍ പറഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. ഒക്ടോബറിലാണ് അവരുടെ ഇന്റര്‍നാഷനല്‍ ബ്രേക്ക്. ആ സമയത്ത് കളി നടക്കുമെന്നാണ് പ്രതീക്ഷ. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലോ കൊച്ചിയിലോ മത്സരം നടത്താമെന്നും സ്റ്റേഡിയങ്ങളെക്കുറിച്ചും ആശങ്കയില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.
Previous Post Next Post