മലപ്പുറം: കേരളം ആകാംക്ഷയോടെ നോക്കുന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണലിന്റെ ആദ്യ ഒന്നരമണിക്കൂർ കഴിഞ്ഞപ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടം. യുഡിഎഫ് ലീഡ് 5000ന് അടുത്തേക്ക് കടക്കുന്നു. ആര്യാടൻ ഷൗക്കത്ത് 4960വോട്ടുകൾക്ക് മുന്നിൽ. തുടക്കം മുതൽ ലീഡെടുത്തിട്ടും ശക്തികേന്ദ്രങ്ങളിൽ പ്രതീക്ഷിച്ചത്ര ലീഡെടുക്കാൻ കഴിയാത്തത് യുഡിഎഫ് കേന്ദ്രങ്ങളിൽ ആശങ്കയ്ക്ക് വഴിയൊരുക്കുന്നു. ഇനി എണ്ണാനുള്ളത് എൽഡിഎഫ് കേന്ദ്രങ്ങളാണ്. അവിടെ എൽഡിഎഫിന് തിരിച്ചുപിടിക്കാൻ മാത്രമുള്ള ലീഡായി മാത്രമേ ഇതിനെ എൽഡിഎഫ് കേന്ദ്രങ്ങളും കണക്കുകൂട്ടുന്നത്. അഞ്ചുറൗണ്ടു വോട്ടുകൾ എണ്ണിതീർന്നു.
വഴിക്കടവിലാണ് ആദ്യം വോട്ട് എണ്ണിയത്. പ്രതീക്ഷിച്ചതിൽ നിന്ന് വ്യത്യസ്തമായി സ്വതന്ത്ര സ്ഥാനാർഥി പി വി അൻവർ കൂടുതൽ വോട്ടുകൾ പിടിച്ചു. ആദ്യ അരമണിക്കൂറിൽ 1500ലധികം വോട്ടുകളാണ് പി വി അൻവറിന് ലഭിച്ചത്. തുടക്കത്തിൽ ആര്യാടൻ ഷൗക്കത്തിന് 3614 വോട്ടുകൾ ലഭിച്ചപ്പോൾ എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനായി 3195 വോട്ടുകളാണ് പെട്ടിയിൽ വീണത്. എൻഡിഎയ്ക്ക് 400 വോട്ടുകളാണ് ലഭിച്ചത്.
