കിളിമാനൂരില്‍ അധ്യാപകർ തമ്മിലുള്ള കുടിപ്പകയില്‍ വിദ്യാർഥിനിക്കെതിരെ വ്യാജ പ്രചരണം നടത്തിയ അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍.
കിളിമാനൂർ രാജാ രവിവർമ്മ ഗേള്‍സ് ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപിക സി.ആർ ചന്ദ്രലേഖക്കെതിരെയാണ് നടപടി. സംഭവത്തില്‍ അധ്യാപികയ്ക്കെതിരെ പൊലീസ് പോക്സോ കേസെടുത്തിരുന്നു.
ഇതിന് പിന്നാലെ വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശ പ്രകാരം സ്കൂള്‍ മാനേജ്മെന്റാണ് നടപടിയെടുത്തത്. എതിർ ചേരിയിലെ അധ്യാപകൻ വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് അധ്യാപിക വ്യാജ പ്രചരണം നടത്തിയത്. അപമാനിക്കപ്പെട്ട പെണ്‍കുട്ടി നാണക്കേട് കാരണം പ്ലസ് വണ്‍ പഠനം ഉപേക്ഷിച്ചു.
പെണ്‍കുട്ടിയുടെ അമ്മ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി അന്വേഷണത്തിനായി സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്. നിയമനടപടിയുമായി മുന്നോട്ടു പോകാനാണ് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ തീരുമാനം.
അസുഖ ബാധിതയായ വിദ്യാർഥിനി നാല് മാസം അവധി എടുത്തപ്പോഴാണ് വ്യാജ പ്രചാരണം നടത്തിയത്. സ്കൂളിലെ വാട്സ് ആപ്പ് ഗ്രൂപ്പില്‍ ഉള്‍പ്പടെ വിദ്യാർഥിനിയുടെ പേര് പറഞ്ഞ് അധിക്ഷേപിച്ചു. അധ്യാപിക തന്നെയാണ് ഇത് പ്രചരിപ്പിച്ചതെന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. സിഡബ്ല്യൂസിയിലും പൊലീസിലും അധ്യാപിക വ്യാജ പരാതി നല്‍കി. സിഡബ്ല്യൂസി അന്വേഷണത്തില്‍ ഉള്‍പ്പടെ വ്യാജ പ്രചാരണമാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ സ്കൂളില്‍ അടക്കം ഇല്ലാക്കഥകള്‍ പ്രചരിച്ചതോടെ നാണക്കേട് മൂലം വിദ്യാർഥിനി പഠനം ഉപേക്ഷിക്കുകയായിരുന്നു.
പ്ലസ് വണ്ണില്‍ പഠിക്കുന്നതിനിടെ പെണ്‍കുട്ടിക്ക് സൈലന്റ് ഫിറ്റ്സ് എന്ന രോഗം പിടിപെട്ടിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ പ്രവേശിച്ചതിനെ തുടർന്ന് നാല് മാസം സ്‌കൂളില്‍ പോയിരുന്നില്ല. രോഗം മാറിയപ്പോള്‍ സ്കൂളില്‍ പോകണം എന്നുണ്ടായിരുന്നുവെന്നും എന്നാല്‍ ആളുകള്‍ എങ്ങനെ പെരുമാറുമെന്ന് പേടിയായെന്നും പെണ്‍കുട്ടി പറയുന്നു. ആ അധ്യാപകനുമായി പരിചയം പോലും ഉണ്ടായിരുന്നില്ല.