തിരുവനന്തപുരം: പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ രാജ്ഭവനിൽ സംഘടിപ്പിച്ച പരിപാടിയുടെ വേദിയിൽ സ്ഥാപിച്ച കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രത്തെച്ചൊല്ലി രാഷ്ട്രീയ വിവാദം. ചിത്രം നീക്കം ചെയ്യണമെന്ന് കൃഷിമന്ത്രി പി പ്രസാദ് ആവശ്യപ്പെട്ടു. എന്നാൽ രാജ്ഭവൻ അതിനു വഴങ്ങാതിരുന്നതോടെ പരിപാടിയുടെ വേദി ദർബാൾ ഹാളിലേക്കു മാറ്റി.
ആർഎസ്എസ് (rss) ഉപയോഗിക്കുന്ന ഭാരാതംബയുടെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തണമെന്ന നിർദേശത്തെ തുടർന്നാണ് വേദി മാറ്റിയതെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു. കൃഷിവകുപ്പിന്റെ പരിപാടിയിൽ അരിവാൾ ചുറ്റിക നക്ഷത്രത്തിന്റെ കൊടിയുമായി വന്നാൽ എന്തായിരിക്കും സ്ഥിതിയെന്നും മന്ത്രി ചോദിച്ചു. രാജ്ഭവൻ സങ്കുചിത രാഷ്ട്രീയത്തിന്റെ വേദിയാക്കരുതെന്നും പുതിയ ഗവർണർചുമതലയേറ്റ ശേഷമാണ് ഇത്തരമൊരു ചിത്രം സെൻട്രൽ ഹാളിലെ വേദിയിൽ വച്ചതെന്നു പി പ്രസാദ് പറഞ്ഞു.
പരിപാടിയുടെ ഭാഗമായി വേദിയിൽ വച്ച ആർഎസ്എസ് ഉപയോഗിക്കുന്ന ചിത്രം മാറ്റണമെന്ന് സർക്കാർ അറിയിച്ചെങ്കിലും അത് മാറ്റാനാവില്ലെന്നാണ് രാജ്ഭവൻ അറിയിച്ചതെന്ന് മന്ത്രി പറഞ്ഞു. പൊതുപരിപാടികൾക്ക് ഉപയോഗിക്കുന്ന ഭാരതമാതാവിന്റെ ചിത്രമാണെങ്കിൽ അത് ഉൾക്കൊള്ളാൻ തയ്യാറാണ്. എന്നാൽ രാജ്ഭവനിൽ ആർഎസ്എസ് ഉപയോഗിക്കുന്ന ചിത്രം വച്ചത് ഭരണഘടനാ വിരുദ്ധമായ നടപടിയാണെന്ന് പ്രസാദ് പറഞ്ഞു. ഇത്തവണത്തെ സർക്കാരിന്റെ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം രാജ്ഭവനിൽ വച്ച് നടത്താനായിരുന്നു സർക്കാർ തീരുമാനിച്ചത്. അതിന്റെ അടിസ്ഥാനത്തിൽ പ്രോഗ്രം നിശ്ചിയിച്ച് നൽകി. എന്നാൽ പൊടുന്നനവെ അത് മാറ്റേണ്ട സാഹചര്യമുണ്ടായതിനെ തുടർന്നാണ് പരിപാടി സെക്രട്ടേറിയറ്റിലെ ദർബാൾ ഹാളിലേക്ക് മാറ്റേണ്ടിവന്നതെന്ന് മന്ത്രി പറഞ്ഞു.
രാജ്ഭവനിലെ സെൻട്രൽ ഹാളിലെ വേദിയിൽ വച്ച ചിത്രം ആർഎസ്എസ് ഉപയോഗിക്കുന്ന ഭാരാതാംബയുടെ ചിത്രമാണ്. അതിന് മുന്നിൽ പുഷ്പാർച്ച നടത്തി സർക്കാരിന്റെ പരിപാടി നടത്താനാകില്ല. ഭരണഘടനാപദവിയുള്ള സ്ഥലത്ത് ഇത്തരമൊരു ചിത്രം ഉപയോഗിക്കുന്നത് ശരിയുമല്ല. അക്കാര്യം രാജ്ഭവനെ അറിയിച്ചിരുന്നു. എന്നാൽ ചിത്രം മാറ്റാനാവില്ലെന്ന് രാജ്ഭവൻ അറിയിച്ചു. അതോടെയാണ് പരിപാടി അവിടെ നിന്ന് മാറ്റിയതെന്ന് മന്ത്രി പറഞ്ഞു. സർക്കാർ പരിപാടിയിൽ ഒരുമതവിഭാഗത്തിന്റെയോ ഒരുരാഷ്ട്രീയപാർട്ടികളുടെയോ ആളുകൾ മാത്രമല്ല എത്തുന്നത്. അവിടെ സങ്കുചിത മനോഭാവത്തോടെ പ്രവർത്തിക്കാനാവില്ല. നേരത്തെ രാജ്ഭവനിലെ വേദിയിൽ ഇത്തരമൊരു ചിത്രം ഉണ്ടായിരുന്നില്ല. പുതിയ ഗവർണർ എത്തിയതോടെയാണ് ആർഎസ്എസ് ഉപയോഗിക്കുന്ന ചിത്രം പ്രത്യക്ഷപ്പെട്ടതെന്നും പി പ്രസാദ് പറഞ്ഞു.
പരിപാടിയുടെ ഭാഗമായി മുന്നൊരുക്കങ്ങൾ വിലയിരുത്താനായി ഇന്നലെ വൈകീട്ട് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ രാജ്ഭവനിൽ എത്തിയതോടെയാണ് ഈ ചിത്രം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഇക്കാര്യം മന്ത്രിയെ അറിയിച്ചു. ഇതിന് പിന്നാലെയാണ് ചിത്രം മാറ്റണമെന്ന് സർക്കാർ ആവശ്യപ്പെട്ടത്. എന്നാൽ ഈ ചിത്രം മാറ്റാനാവില്ലെന്ന് ഗവർണർ സർക്കാരിനെ അറിയിക്കുകയായിരുന്നു.