വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍, കരാര്‍ ലംഘിക്കരുതെന്ന് ആവര്‍ത്തിച്ച്‌ ട്രംപ്; സ്ഥിരീകരിക്കാതെ ഇറാനും ഇസ്രയേലും

ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷത്തിന് അറുതി വരുത്തി, വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതായി ആവര്‍ത്തിച്ച്‌ യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ച പുതിയ പോസ്റ്റിലാണ് ട്രംപ് ഇക്കാര്യം വീണ്ടും കുറിച്ചത്. ഇരുകൂട്ടരും കരാര്‍ ലംഘിക്കരുതെന്നും ട്രംപ് ആവശ്യപ്പെട്ടു.

അതേസമയം, വെടിനിര്‍ത്തല്‍ നിര്‍ദേശത്തോട് ഇറാനും ഇസ്രയേലും ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. രാവിലെ ഏഴരയ്ക്കു വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതായി ഇറാന്‍ ടെലിവിഷനായ പ്രസ് ടിവി ട്വീറ്റ് ചെയ്തു. എന്നാല്‍ ഇതിനു പിന്നാലെയും മിസൈല്‍ ആക്രമണമുണ്ടായി. തെക്കന്‍ ഇസ്രയേല്‍ നഗരത്തില്‍ നടത്തിയ ആക്രമണത്തില്‍ നാല് ഇസ്രയേലുകാര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

ഇറാന്‍ സൈന്യം അവസാന നിമിഷം വരെ ധീരമായി പോരാടിയെന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി അഭിപ്രായപ്പെട്ടു. ശത്രുവിന്റെ ഏത് ആക്രമണത്തെയും അവസാന നിമിഷം ചെറുത്ത ധീരരായ സായുധ സേനയ്ക്ക് നന്ദി പറയുന്നുവെന്നും ഇറാന്‍ വിദേശകാര്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇസ്രയേലാണ് ആദ്യം ആക്രമണം ആരംഭിച്ചത്. ഇസ്രയേല്‍ ആക്രമണം അവസാനിപ്പിച്ചാല്‍, ഇറാന്‍ പ്രത്യാക്രമണം നടത്തില്ലെന്നും അരാഗ്ചി പറഞ്ഞു.

ഇക്കാര്യത്തില്‍ ഇസ്രയേലാണ് തീരുമാനം പറയേണ്ടത്. അതിനുശേഷം സൈനിക നടപടികള്‍ അവസാനിപ്പിക്കുന്നതില്‍ ഇറാന്‍ തീരുമാനമെടുക്കുമെന്നും അബ്ബാസ് അരാഗ്ചി അഭിപ്രായപ്പെട്ടു. വെടിനിര്‍ത്തലില്‍ പ്രസിഡന്റ് ട്രംപിന് അഭിനന്ദനം അര്‍പ്പിച്ച്‌ യുഎസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ തുള്‍സി ഗബ്ബാര്‍ഡ് രംഗത്തു വന്നു.

Previous Post Next Post