ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തി താരാപഥത്തിൽനിന്നുള്ള ശക്തമായ റേഡിയോ സിഗ്നൽ. ഓസ്ട്രേലിയൻ സ്ക്വയർ കിലോമീറ്റർ അറേ പാത്ത്ഫൈൻഡർ (ആസ്കാപ്) ഉപയോഗിക്കുന്ന ശാസ്ത്രജ്ഞരാണ് 30 നാനോസെക്കൻഡിൽ താഴെ മാത്രം നീണ്ടുനിന്ന സിഗ്നൽ കണ്ടെത്തിയതെന്ന് ന്യൂ സയന്റിസ്റ്റ് റിപ്പോർട്ടുചെയ്തു. സിഗ്നൽ താരാപഥത്തിൽ നിന്നാണ് എന്നതിനാൽ ഞെട്ടിപ്പോയെന്ന് ഓസ്ട്രേലിയയിലെ കർട്ടിൻ സർവ്വകലാശാലയിലെ ക്ലാൻസി ജെയിംസും സഹപ്രവർത്തകരും പറയുന്നു.
അവിശ്വസനീയമാംവിധം ശക്തമായ റേഡിയോ പൾസ് ആയിരുന്നു, അത് മറ്റെല്ലാറ്റിനെയും വളരെ കുറഞ്ഞ സമയത്തേക്ക് മറികടന്നു. സിഗ്നലിന്റെ ഉറവിടം അടുത്താണെങ്കിൽ ഒപ്റ്റിക്കൽ ദൂരദർശിനികളിലൂടെ കണ്ടെത്താൻ കഴിയും എന്നതിനാൽ ആവേശഭരിതരായി' -ക്ലാൻസി പറഞ്ഞു. പിന്നാലെ ശാസ്ത്രജ്ഞർ ഉറവിടം പഠിക്കുകയും സിഗ്നൽ ഭൂമിയിൽ നിന്ന് 20,000 കിലോമീറ്ററിനുള്ളിൽ നിന്നാണെന്ന് കണ്ടെത്തുകയും ചെയ്തു. അറിയപ്പെടുന്ന ഉപഗ്രഹങ്ങളുടെ സ്ഥാനങ്ങളുമായി ഇതുമായി താരതമ്യം ചെയ്തതോടെ പൾസ് റിലേ 2 ഉപഗ്രഹത്തിൽ നിന്നാണെന്ന് അവർ കണ്ടെത്തി.
അൻപത് വർഷത്തിലേറെയായി പ്രവർത്തനരഹിതമായിരിക്കുന്ന ഉപഗ്രഹത്തിൽനിന്നാണ് റേഡിയോ പൾസ് ലഭിച്ചിരിക്കുന്നത് എന്നതാണ് കൗതുകകരം. പരീക്ഷണാടിസ്ഥാനത്തിൽ 1964-ൽ വിക്ഷേപിച്ച നാസയുടെ കമ്യൂണിക്കേഷൻ ഉപഗ്രഹമായിരുന്നു റിലേ 2. റിലേ 1, റിലേ 2 എന്നീ രണ്ട് ഉപഗ്രഹങ്ങൾ ഉൾപ്പെട്ട റിലേ പ്രോഗ്രാമിന്റെ ഭാഗമായിരുന്നു ഇത്. രണ്ട് ഉപഗ്രഹങ്ങൾക്കും നാസയാണ് ധനസഹായം നൽകിയത്. 1965-ൽ ഇത് ഉപയോഗിക്കുന്നത് നിർത്തി. അതിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ 1967-ഓടെ പൂർണ്ണമായും പ്രവർത്തനരഹിതമാകുകയും ചെയ്തു.
അഞ്ച് പതിറ്റാണ്ടിലേറെയായി ഉപഗ്രഹം പ്രവർത്തനരഹിതമായതിനാൽ ഒരു ബാഹ്യ ഘടകത്തിൽ നിന്നാകാം സിഗ്നൽ വന്നതെന്ന് ശാസ്ത്രജ്ഞർ വിലയിരുത്തുന്നു. ഉപഗ്രഹത്തിന്റെ സംവിധാനങ്ങൾ പെട്ടെന്ന് പ്രവർത്തിച്ചതുകൊണ്ടാവില്ല ഇങ്ങനെ സംഭവിച്ചത്. ഒരു ഇലക്ട്രോസ്റ്റാറ്റിക് ഡിസ്ചാർജ് അല്ലെങ്കിൽ ഒരു മൈക്രോമെറ്റിയോറൈറ്റ് കൂട്ടിയിടി പോലുള്ള ഒരു ബാഹ്യസംഭവമോ ആകാം ഇതിന് കാരണമെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്.