റോഡില്‍ വന്‍ ഗര്‍ത്തം: ചുഴലി - ചെങ്ങളായി പാതയില്‍ ഗതാഗതം നിരോധിച്ചു

കണ്ണൂർ: തളിപ്പറമ്പ് ചുഴലി - ചെങ്ങളായി  റോഡിൽ വൻ ഗർത്തം. മൂന്ന് മീറ്ററിലധികം ആഴമുള്ള കുഴിയാണ് റോഡിൽ പ്രത്യക്ഷപ്പെട്ടത്. ചെറിയൊരു വിള്ളലോടെ പ്രത്യക്ഷപ്പെട്ട കുഴി നിലവിൽ മൂന്ന് മീറ്ററോളം ആഴമുള്ള നിലയിലേക്ക് വളരുകയായിരുന്നു. കുഴിയുടെ ആഴം കൂടി വരുന്ന സാഹചര്യത്തിൽ പ്രദേശവാസികൾ ആശങ്കയിലാണ്.


ഇന്നലെ വൈകുന്നേരം ചുഴലി - ചെങ്ങളായി റോഡിലെ പനം കുന്നിൽ റോഡിൽ കണ്ടെത്തിയ വിള്ളൽ ബുധനാഴ്ച രാവിലെയോടെ വൻ ഗർത്തമായി മാറുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് തളിപ്പറമ്പ് തഹസിൽദാർ സ്ഥലത്തെത്തി. തുടർന്ന് ജിയോളജി വകുപ്പ് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി.


സോയിൽ പൈപ്പിങ്ങ് പ്രതിഭാസമാണ് ഗർത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. റോഡിൽ ഗർത്തം കണ്ടെത്തിയതിനെ തുടർന്ന് ചുഴലി - ചെങ്ങളായി റോഡിൽ വാഹന ഗതാഗതം തൽക്കാലം നിർത്തിവെച്ചു. സംഭവത്തിൽ വിദഗ്ദ്ധ പരിശോധന ആവശ്യമാണെന്ന് തളിപറമ്പ് തഹസിൽദാർ അറിയിച്ചു.

Previous Post Next Post