സംസ്ഥാനത്ത് ട്യൂഷൻ സെൻററുകളുടെ എണ്ണം കുറയ്ക്കുന്നത് വിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയില്‍. വിദ്യാർത്ഥികളുടെ മാനസിക സംഘർഷം ഒഴിവാക്കാനാണ് ട്യൂഷൻ സെൻററുകള്‍ ഒഴിവാക്കുന്നതെന്ന് പരിഗണിക്കുന്നതെന്നും കളിക്കാനും പത്രം വായിക്കാനും പോലും കുട്ടികള്‍ക്ക് സമയം ലഭിക്കുന്നില്ലെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
സംസ്ഥാനത്ത് വിദ്യാഭ്യാസ കച്ചവടം അനുവദിക്കാൻ കഴിയില്ല. എൻട്രൻസ് കോച്ചിംഗ് സെൻററുകള്‍ ലക്ഷങ്ങളാണ് രക്ഷിതാക്കളില്‍ നിന്നും ഈടാക്കുന്നത്. പഠിക്കുന്ന കുട്ടികള്‍ക്ക് ലക്ഷങ്ങള്‍ കൊടുത്തുള്ള കോച്ചിംഗ് ആവശ്യമില്ല. നമ്മുടെ അധ്യാപകർ നല്ല കഴിവുള്ളവരാണ്. കുട്ടികളെ ട്യൂഷന് വിട്ടാല്‍ മാത്രമേ ശരിയാകൂവെന്ന് ചില രക്ഷിതാക്കള്‍ കരുതുന്നതാണ് പ്രശ്നം. പഠിക്കുന്ന കുട്ടികള്‍ക്ക് എൻട്രൻസ് കോച്ചിങ്ങിന്റെ ആവശ്യമില്ല. ട്യൂഷന് ഈടാക്കുന്ന ഫീസ് സംബന്ധിച്ച് നിരവധി പരാതികള്‍ ഇതിനോടകം ഉയർന്നിട്ടുണ്ട്. ഈ മേഖലയില്‍ നിരവധി പ്രശ്നങ്ങളുമുണ്ടെന്നും അത് പിന്നീട് ചർച്ച ചെയ്യുമെന്നും മന്ത്രി വിശദീകരിച്ചു.