കൊച്ചി: കേരള തീരത്തിന് സമീപം കപ്പലിൽ തീപിടിത്തം. കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്. 650 ഓളം കണ്ടെയ്‌നറുകളുമായി സഞ്ചരിച്ച കപ്പലുണ്ടായ തീപിടിത്തത്തെ തുടർന്ന് 50 ഓളം കണ്ടെയ്‌നറുകൾ കടലിൽ വീണതായും റിപ്പോർട്ടുകളുണ്ട്.
ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. വാൻഹായ് 503 എന്ന സിംഗപ്പൂർ ആസ്ഥാനമായ കപ്പലാണ് അപകടത്തിൽപ്പെട്ടത്. കപ്പലിൽ നാൽപതോളം ജീവനക്കാരുണ്ടെന്നുമാണ് വിവരം.
അന്താരാഷ്ട്ര കപ്പൽ ചാലിൽ കേരള തീരത്ത് ഇരുപത് നോട്ടിക്കൽ മൈൽ പടിഞ്ഞാറ് മാറി ബേപ്പൂരിനും - അഴീക്കലിനും ഇടയിലാണ് കപ്പൽ അപകടം സംഭവിച്ചത്. കോസ്റ്റ് ഗാർഡ്, നേവി തുടങ്ങിയ സുരക്ഷാ സേനകൾ അപകട സ്ഥലത്തേക്ക് തിരിച്ചു. കപ്പലുകളും വിമാനങ്ങളും രക്ഷാ ദൗത്യത്തിൽ പങ്കാളികളാകുന്നുണ്ട്.