സാങ്കേതിക കാരണം; എയര്‍ ഇന്ത്യ ഇന്നലെ റദ്ദാക്കിയത് ആറ് സര്‍വീസുകള്‍, എല്ലാം അപകടത്തില്‍ പെട്ട ഡ്രീം ലൈനര്‍ വിഭാഗത്തില്‍പെട്ടവ

എയർ ഇന്ത്യയുടെ ആറ് വിദേശ വിമാന സർവീസുകള്‍ ഇന്നലെ റദ്ദാക്കി. അഹമ്മദാബാദില്‍ ജൂണ്‍ 12 ന് അപകടത്തില്‍പ്പെട്ട ഡ്രീം ലൈനർ ബോയിങ് വിഭാഗത്തില്‍പ്പെട്ട വിമാന സർവീസുകളാണ് റദ്ദാക്കിയത് .
കഴിഞ്ഞ ആഴ്ചത്തെ അപകടത്തിനുശേഷം ആദ്യമായി അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെടാനൊരുങ്ങിയ എയര്‍ ഇന്ത്യ(Air India) യുടെ എഐ 159 ഉള്‍പ്പെടെയുള്ള വിമാനങ്ങളുടെ സർവീസ് ആണ് സാങ്കേതിക കാരണങ്ങളാല്‍ ഇന്ന് റദ്ദാക്കിയത്.

ഡല്‍ഹി - ദുബായ് ( എ ഐ 915), ഡല്‍ഹി -വിയന്ന (എ ഐ 153) ഡല്‍ഹി -പാരീസ് (എ ഐ 143 ) ബംഗളുരു -ലണ്ടൻ (എ ഐ 133 ), ലണ്ടൻ -അമൃതസർ (എ ഐ 170) എന്നിവയാണ് റദ്ദാക്കിയ മറ്റുള്ള സർവീസുകള്‍.

കഴിഞ്ഞ ദിവസം രാവിലെ ഹോങ് കോങ്ങില്‍നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട ബോയിങ് 787-8 ഡ്രീംലൈനര്‍ സര്‍വീസ് നടത്തുന്ന AI 315 വിമാനമാണ് സാങ്കേതിക തകരാർ മൂലം അടിയന്തരമായി തിരിച്ചിറക്കിയിരുന്നു. ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെ തകരാര്‍ കണ്ടെത്തിയതോടെ സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ പ്രോട്ടോക്കോള്‍ അനുസരിച്ച്‌ ഹോങ് കോങ്ങില്‍ത്തന്നെ വിമാനം തിരിച്ചിറക്കുകയായിരുന്നു.

സാങ്കേതിക തകരാർ കാരണമല്ല, മറിച്ച്‌ പ്രത്യേക പരിശോധനകളും വിമാനത്തിന്റെ ലഭ്യതയും എയർ സ്പേസിലെ തിരക്കും കാരണമാണ് സർവീസുകള്‍ റദ്ദാക്കിയതെന്നാണ് എയർ ഇന്ത്യ നല്‍കുന്ന വിശദീകരണം.

Previous Post Next Post