'ഉമ്മൻ ചാണ്ടി സാറ് തന്നെ, നിലമ്ബൂരിന്റെ മനസ് കവര്‍ന്നു'- ചാണ്ടി ഉമ്മനെ പ്രശംസിച്ച്‌ സിദ്ദിഖും ഡീനും

നിലമ്ബൂർ ഉപതെരഞ്ഞെടുപ്പിനു പിന്നാലെ കോണ്‍ഗ്രസ് യുവ നേതാക്കള്‍ തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തു വരുന്നു.

തെരഞ്ഞെടുപ്പ് പ്രാചാരണത്തില്‍ സജീവമായി നിന്ന ചാണ്ടി ഉമ്മൻ എംഎല്‍എയെ പ്രശംസിച്ച്‌ ടി സിദ്ദിഖ് എംഎല്‍എ, ഡീൻ കുര്യാക്കോസ് എംപി എന്നിവരിട്ട ഫെയ്സ്ബുക്ക് കുറിപ്പുകളാണ് ഇപ്പോള്‍ ചർച്ചയാകുന്നത്.

വർക്കിങ് പ്രസിഡന്റുമാരായി നിയോഗിക്കപ്പെട്ട ഷാഫി പറമ്ബിലും പിസി വിഷ്ണുനാഥും പുതിയ അധികാര കേന്ദ്രങ്ങളായി മാറുകയാണെന്ന വിമർശനമാണ് ഉയരുന്നത്. ഇരുവരുടേയും തണല്‍പറ്റി നീങ്ങുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ തീർത്തും അപക്വമായാണ് പൊതു മണ്ഡലത്തില്‍ ഇടപെടുന്നത് എന്നും വിമർശനമുണ്ട്. അതിനിടെയാണ് സിദ്ദിഖ്, ഡീൻ എന്നിവരുടെ ചാണ്ടി ഉമ്മനെ പ്രശംസിച്ചുള്ള കുറിപ്പുകള്‍ പ്രത്യക്ഷപ്പെട്ടത്.

നിമ്ബൂരില്‍ നിന്നുള്ള റീല്‍സുകളുമയി സമൂഹ മാധ്യമങ്ങളിലും ചാനലുകളിലും നിറഞ്ഞു നിന്ന ഷാഫിയേയോ രാഹുലിനേയോ പരാമർശിച്ച്‌ ഒരക്ഷരം ഇരുവരും കുറിച്ചില്ല എന്നതു ശ്രദ്ധേയമാണ്. ചാണ്ടി ഉമ്മന്റെ പേരെടുത്തു പറഞ്ഞുള്ള ഇരുവരുടേയും കുറിപ്പ് ഭിന്നതയുടെ സൂചന വ്യക്തമാക്കുന്നു. വിഡി സതീശൻ ക്യാമ്ബിനൊപ്പം നില്‍ക്കാത്ത ചാണ്ടി ഉമ്മൻ നിലമ്ബൂർ പ്രചാരണ പ്രവർത്തനങ്ങളോടെ കൂടുതല്‍ സ്വീകാര്യനാകുന്ന സ്ഥിതിയാണ്.

ടി സിദ്ദിഖ്

ജനങ്ങളുമായി നേരിട്ട് സംവദിക്കുക, അവരിലൊരാളായി രാഷ്ട്രീയ പ്രവർത്തനം നടത്തുക എന്നതാണ് ഉമ്മൻ ചാണ്ടി സാറിന്റെ രീതി… മകൻ ചാണ്ടി ഉമ്മൻ എം.എല്‍.എ നിലമ്ബൂരില്‍ വോട്ട് തേടിയെത്തിയത് മൂവായിരത്തിലധികം വീടുകളില്‍… കാണുന്ന കവലകളിലൂടെയെല്ലാം വോട്ട് തേടി വേഗത്തിലലയുന്ന ചാണ്ടി ഉമ്മാനൊപ്പം ഓടിയെത്താനാവാതെ പ്രവർത്തകർ… അച്ഛന്റെ വഴിയിലൂടെ മകനും… ആര്യാടൻ ഷൗക്കത്തിന്റെ വിജയവുമായി മാത്രമേ മടക്കമുള്ളൂ എന്ന ദൃഢനിശ്ചയത്തോടെ ചാണ്ടി ഉമ്മൻ നടത്തിയ പ്രവർത്തനം നിലമ്ബൂരിന്റെ മനസ്സ് കവർന്നു…

ഡീൻ കുര്യാക്കോസ്

നിലമ്ബൂരിലെ പ്രചരണ രംഗം വ്യത്യസ്തമാക്കിയത് ചാണ്ടി ഉമ്മൻ്റെ പ്രവർത്തന ശൈലിയായിരുന്നു. കലർപ്പില്ലാതെ, ചടുലതയോടെ ഹൃദ്യമായി ജനങ്ങള്‍ക്കിടയില്‍ നീങ്ങിയിരുന്ന ഉമ്മൻ ചാണ്ടി സാറിനെയായിരുന്നു എനിക്ക് വ്യക്തിപരമായി ചാണ്ടിയുടെ നിലമ്ബൂർ ഉപതെരഞ്ഞെടുപ്പ് പ്രചരണത്തില്‍ കാണുവാൻ കഴിഞ്ഞത്. ആര്യാടൻ സാറിൻ്റെ പ്രിയപുത്രൻ നമ്മുടെയെല്ലാം പ്രിയ ബാപ്പുട്ടിക്കയുടെ വിജയത്തിനായി എല്ലാ UDF പ്രവർത്തകരും ഒരു മെയ്യായി എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ച ഈ വേളയില്‍ വിജയം ഐക്യജനാധിപത്യ മുന്നണിക്ക് സുനിശ്ചിതം. നല്ലനിലമ്ബൂരിനായ് ഒരോ വോട്ടും ആര്യാടൻ ഷൗക്കത്തിന്.
Previous Post Next Post