'തീ അണയ്ക്കാന്‍ മതിയായ സംവിധാനം എത്തിച്ചില്ല', ഗുരുതര വീഴ്ച; സിംഗപ്പൂര്‍ ചരക്കുകപ്പലിന്റെ ഉടമയ്ക്കും എംഎസ് സിക്കും നോട്ടീസ്

കണ്ണൂര്‍ അഴീക്കലിന് സമീപം അറബിക്കടലില്‍ തീപ്പിടിച്ച 'വാന്‍ ഹായ് 503' (Wan Hai 503 Ship) സിംഗപ്പൂർ ചരക്കുകപ്പലിന്റെ ഉടമയ്ക്ക് ഷിപ്പിങ് മന്ത്രാലയത്തിന്റെ നോട്ടീസ്.

ചരക്കുകപ്പലില്‍ ഉണ്ടായ തീപിടിത്തത്തില്‍ വാന്‍ഹായ് ലെന്‍സ് ഷിപ്പിങ് കമ്ബനിയുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയാണ് ഉണ്ടായതെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ്ങിന്റെ നോട്ടീസില്‍ പറയുന്നു. തീ അണയ്ക്കാനോ കപ്പലിനെ നിയന്ത്രിക്കാനോ മതിയായ സംവിധാനം കമ്ബനി എത്തിച്ചില്ല. മതിയായ ഉപകരണങ്ങളും സംവിധാനങ്ങളും ഉടന്‍ എത്തിക്കണം. സാല്‍വേജ് നടപടിക്രമങ്ങള്‍ വൈകിച്ചാല്‍ ക്രിമിനല്‍ നടപടിയെന്നും ഷിപ്പിങ് മന്ത്രാലയത്തിന്റെ നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കി.

അതിനിടെ കൊച്ചി തീരത്തെ കപ്പല്‍ അപകടവുമായി ബന്ധപ്പെട്ട് എംഎസ് സി കമ്ബനിക്കും ഷിപ്പിങ് മന്ത്രാലയം നോട്ടീസ് നല്‍കിയിട്ടുണ്ട്. അവശിഷ്ടങ്ങള്‍ മാറ്റുന്ന നടപടിക്രമങ്ങളില്‍ ഗുരുതരമായി വീഴ്ച വരുത്തി. ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടിട്ടും കാലതാമസം വരുത്തി. ഇന്ത്യന്‍ തീരത്തെയും സമുദ്ര ആവാസവ്യവസ്ഥയെയും കടുത്ത ആഘാതത്തിലാക്കി. കേരളാ തീരത്തെ ഇതിനകം ബാധിച്ചെന്നും കേന്ദ്രം നോട്ടീസില്‍ പറയുന്നു.

മത്സ്യതൊഴിലാളികള്‍ക്ക് ജോലി നഷ്ടമായി. സാല്‍വേജ് നടപടിക്രമങ്ങള്‍ മെയ് 30 വരെ കമ്ബനി വൈകിപ്പിച്ചു. തുടക്കത്തിലെ കാലതാമസം വലിയ തിരിച്ചടിയുണ്ടാക്കി. ഇന്ധനം നീക്കുന്ന നടപടികള്‍ ഇനിയും തുടങ്ങിയില്ല. 48 മണിക്കൂറിനുള്ളില്‍ എണ്ണ ചോര്‍ച്ച നീക്കുന്നതിനുള്ള നടപടി തുടങ്ങണം. അല്ലെങ്കില്‍ ഇന്ത്യന്‍ നിയമപ്രകാരം നടപടിയെന്നും മുന്നറിയിപ്പ് നല്‍കി. വിവിധ ആക്റ്റുകള്‍ പ്രകാരം നടപടി തുടങ്ങും. അടിയന്തര നടപടിയില്ലെങ്കില്‍ കര്‍ശന നടപടിയെന്നും കേന്ദ്രം വ്യക്തമാക്കുന്നു.
Previous Post Next Post