ടെഹ്റാൻ: ഇസ്രയേലുമായി സംഘർഷം തുടരവേ (iran- israel conflict), കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കണമെന്ന ഇന്ത്യയുടെ അഭ്യർഥനയിൽ നടപടി സ്വീകരിച്ച് ഇറാൻ. ഇറാനു മുകളിലുള്ള വ്യോമാതിർത്തി അടച്ചിട്ടിട്ടുണ്ടെങ്കിലും ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനായി എല്ലാ കര അതിർത്തികളും തുറന്നിട്ടുണ്ടെന്ന് ഇറാൻ അറിയിച്ചു.
ഇസ്രയേൽ- ഇറാൻ സംഘർഷം കടുത്തതോടെ, ആയിരക്കണക്കിന് ഇന്ത്യക്കാരാണ് ഇറാനിലെ വിവിധ നഗരങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്. ഇതിൽ 1,500ലധികം ഇന്ത്യൻ വിദ്യാർത്ഥികളും ഉൾപ്പെടുന്നു. ഇതിന് പിന്നാലെയാണ് നയതന്ത്രജ്ഞരെയും സിവിലിയന്മാരെയും സുരക്ഷിതമായി നാട്ടിൽ എത്തിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കണമെന്ന് ഇന്ത്യ ഇറാനോട് ആവശ്യപ്പെട്ടത്.
അതിർത്തി കടക്കുന്ന ആളുകളുടെ പേരുകൾ, പാസ്പോർട്ട് നമ്പറുകൾ, വാഹന സവിശേഷതകൾ എന്നിവ ജനറൽ പ്രോട്ടോക്കോൾ വകുപ്പിന് നൽകാൻ ഇറാൻ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നയതന്ത്രജ്ഞരുടെയും മറ്റ് പൗരന്മാരുടെയും സുരക്ഷിതമായ യാത്രയ്ക്ക് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യുന്നതിനായി യാത്രാ സമയവും വ്യക്തി രാജ്യം വിടാൻ ആഗ്രഹിക്കുന്ന അതിർത്തിയും നൽകണമെന്നും ഇറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനെ തുടർന്ന് ഇന്ത്യക്കാർ ഉടൻ ഇറാൻ തലസ്ഥാനമായ ടെഹ്‌റാൻ വിടണമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. ഏത് തരം വിസയെന്നത് പരിഗണിക്കാതെ നിർദേശം പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. ടെഹ്‌റാൻ ആക്രമിക്കുമെന്ന് ഇസ്രയേൽ മുന്നറിയിപ്പ് നൽകിയ പശ്ചാത്തലത്തിലാണ് ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന്റെ ഇടപെടൽ.
ഇറാനിയൻ നഗരങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർ പരിഭ്രാന്തരാകരുതെന്നും ജാഗ്രത പാലിക്കണമെന്നും ടെഹ്റാനിലെ ഇന്ത്യൻ എംബസി ആവശ്യപ്പെട്ടു. എല്ലാ ഇന്ത്യൻ പൗരന്മാരോടും ഇന്ത്യൻ വംശജരോടും ജാഗ്രത പാലിക്കാനും നിർദേശിച്ചിട്ടുണ്ട്. എംബസി അവരുടെ എക്‌സ് അക്കൗണ്ടിൽ ഒരു ഗൂഗിൾ ഫോം നൽകുകയും ഇന്ത്യൻ പൗരന്മാരോട് അവരുടെ വിവരങ്ങൾ നൽകുന്നതിനായി അത് പൂരിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.