കാസർകോട്: അതിശക്തമായമഴ തുടരുന്ന സാഹചര്യത്തിൽ രൂക്ഷമായ മണ്ണിടിച്ചിലിന്റെ സാധ്യത പരിഗണിച്ച്, ചെർക്കള - ബെവിഞ്ച ഭാഗത്തുള്ള ദേശീയപാത66ൽ (National Highway 66) വാഹന ഗതാഗതം താൽക്കാലികമായി നിരോധിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു.
ഈ പ്രദേശത്ത് നിരവധി ചെറിയ മണ്ണിടിച്ചിലുകൾ ഉണ്ടായതും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പും സ്ഥലം സന്ദർശിച്ച് പരിശോധന നടത്തിയതും അടിസ്ഥാനമാക്കിയാണ് നടപടി.
പ്രധാന നിർദ്ദേശങ്ങൾ:
വാഹനങ്ങൾ വഴി തിരിച്ചു വിടുന്നതിന് പൊലീസ് നടപടി സ്വീകരിക്കണം.
ആംബുലൻസ്, അടിയന്തര സേവന വാഹനങ്ങൾ എന്നിവ മാത്രം നിയന്ത്രിതമായി കടന്ന് പോകാൻ അനുവദിക്കും
പ്രദേശവാസികൾ ജാഗ്രത പാലിക്കണം. മണ്ണിടിച്ചിൽ ഭീഷണിയുള്ള പ്രദേശത്ത് അനാവശ്യമായി ആരും പോകരുത്
സമീപഭാവിയിൽ പ്രദേശത്തിന്റെ സാങ്കേതിക പരിശോധനകൾ പൂർത്തിയാക്കി, സുരക്ഷിതമാണെന്ന് സ്ഥിരീകരിച്ചശേഷം ഗതാഗതം പുനഃസ്ഥാപിക്കുന്നതായിരിക്കുമെന്നും കലക്ടറുടെ കുറിപ്പിൽ പറയുന്നു.
അതേസമയം, കാസർകോട് ജില്ലയിൽ ഇന്ന് അതിതീവ്രമഴ തുടരുമെന്നും നാളെ തീവ്രമഴ തുടരുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കഴിഞ്ഞമൂന്ന് ദിവസമായി അതിതീവ്രമഴയാണ് ജില്ലയിൽ തുടരുന്നത്.